മനസ്സിൽ നന്മ ഉള്ളവർക്കേ എല്ലാപേരെയും ഒരുപോലെ കാണാൻ സാധിക്കു

162

മറ്റുള്ളവരിലെ നന്മ കാണാൻ കഴിയുന്നവനു മാത്രമേ ജീവിതത്തിൽ ശാന്തിയും സന്തോഷവും അനുഭവിക്കാൻ സാധിക്കൂ. മനസ്സാകുന്ന കണ്ണാടിയിലൂടെയാണ് നമ്മൾ ലോകത്തെ നോക്കിക്കാണുന്നത്. സംശയവും വെറുപ്പും അഹങ്കാരവും നിറഞ്ഞ മനസ്സിലൂടെ ലോകത്തെ നോക്കിക്കണ്ടാൽ ഏതിലും കുറ്റവും കുറവും മാത്രമേ കാണാനാവൂ. എന്നാൽ, സ്നേഹവും വിശ്വാസവും വിനയവും നിറഞ്ഞ മനസ്സോടെ ലോകത്തെ നോക്കിക്കണ്ടാൽ സകലതിലും നന്മ ദർശിക്കാൻ സാധിക്കും. കാരണം, സ്വന്തം മനസ്സിന്റെതന്നെ പ്രതിഫലനമാണ് നമ്മൾ മറ്റുള്ളവരിൽ കാണുന്നത്.
മറ്റുള്ളവരിൽ കുറ്റവും കുറവും കാണുമ്പോൾ ആദ്യം നമ്മുടെ മനസ്സുതന്നെയാണ് അസ്വസ്ഥമാകുന്നത്. എന്നാൽ, മറ്റുള്ളവരിൽ നന്മ കാണാൻകഴിയുമ്പോൾ നമ്മുെട മനസ്സാണ് പ്രസന്നമാകുന്നത്.

വാസ്തവത്തിൽ എല്ലാവരിലും നന്മ കാണുക എന്നത് മറ്റുള്ളവരേക്കാൾ നമ്മുടെതന്നെ ആവശ്യമാണ്. മാത്രമല്ല, മറ്റുള്ളവരിലെ നന്മ ദർശിക്കുന്ന ഒരാൾക്ക് വിഷമംപിടിച്ച പ്രശ്നങ്ങളെപ്പോലും അനായാസമായി കൈകാര്യംചെയ്യാൻ സാധിക്കും. ഒരിടത്ത് ഒറ്റക്കണ്ണും ഒരു കാലിൽ മുടന്തുമുള്ള ഒരു രാജാവുണ്ടായിരുന്നു. ഒരിക്കൽ ആ രാജാവ് രാജ്യത്തെ എല്ലാ ചിത്രകാരന്മാരെയും വിളിച്ചുവരുത്തി തന്റെ മനോഹരമായ ഒരു ചിത്രം വരയ്ക്കാനാവശ്യപ്പെട്ടു. അവരിൽ ആർക്കുംതന്നെ രാജാവിന്റെ ചിത്രം വരയ്ക്കാൻ ധൈര്യമുണ്ടായില്ല. ഒരു കണ്ണിലും ഒരു കാലിലും വൈകല്യമുള്ള രാജാവിന്റെ സുന്ദരമായ ചിത്രം വരയ്ക്കുന്നതെങ്ങനെ? അവർ കുഴങ്ങി. എന്നാൽ, അവരിൽ ഒരു ചിത്രകാരൻ രാജാവിന്റെ ചിത്രം വരയ്ക്കാൻ തയ്യാറായി. അയാൾ രാജാവിന്റെ അതിമനോഹരമായ ചിത്രം വരച്ചു. അതുകണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു. രാജാവ് നായാട്ടിനായി കാട്ടിൽ പോയപ്പോൾ ഒരു കാൽ മടക്കിവെച്ചുകൊണ്ട് ഒരു കണ്ണടച്ച് ഉന്നം നോക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് അയാൾ വരച്ചത്.

ഈ ചിത്രകാരനെപ്പോലെ മറ്റുള്ളവരുടെ ദൗർബല്യങ്ങളിലേക്ക് മനസ്സുകൊടുക്കാതെ, അവരിലുള്ള നല്ലവശങ്ങളെ എടുത്തുകാണിക്കാൻ നമുക്കുകഴിയണം. നമ്മളിൽ അധികം പേർക്കും ഇന്നുള്ളത് തിന്മ കാണുന്ന മനസ്സാണ്. ഒരാളിൽ ആയിരം ശരിയുണ്ടെങ്കിലും അത് നമ്മൾ കാണില്ല. ഒരു തെറ്റുണ്ടെങ്കിൽ അതുമാത്രം കാണും. സദാ അഴുക്കിലും മലത്തിലും വസിക്കുന്ന ഈച്ചയെപ്പോലെ നമ്മുടെ മനസ്സ് എവിടെയും തെറ്റും കുറവും മാത്രമാണ് കാണുന്നത്.

ഈ മനസ്സിനെ നമ്മൾ മാറ്റിയെടുക്കണം.ഈ ലോകത്ത് ഒന്നുംതന്നെ പൂർണമായി നല്ലതോ ചീത്തയോ അല്ല.
എത്ര ദുഷ്ടനെന്നു പറയുന്ന വ്യക്തിയിലും എന്തെങ്കിലും ഒരു നന്മയുണ്ടാകും. അതുകാണാൻ കഴിയുന്ന ഒരു കണ്ണാണ് നമുക്കുവേണ്ടത്. നമ്മൾ ക്ഷമയോടെ പരിശ്രമിച്ചാൽ അവരിലെ നന്മയെ തിരിച്ചറിയാനും ഉണർത്തിയെടുക്കാനും നമുക്കു സാധിക്കും. എവിടെയും നന്മദർശിക്കാനുള്ള മനസ്സ് നമ്മിൽ വളർന്നുകഴിയുന്നതോടെ ഈശ്വരകൃപ നമ്മിൽ വന്നുനിറയും. ആ കൃപയാണ് ഏതൊരാളുടെയും ജീവിതവിജയത്തിന് ആധാരം.

തെന്നൽ കെ സത്യൻ

NO COMMENTS