അമേരിക്ക ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആയിരക്കണക്കിനാളുകളുടെ പ്രതിഷേധ പ്രകടനം

109

ബാഗ്‌ദാദ്‌ : അമേരിക്ക നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബാഗ്‌ദാദിലെ യുഎസ്‌ എംബസിയിലേക്ക്‌ ആയിരക്കണക്കിനാളുകളുടെ പ്രകടനം. ഇറാഖിലും സിറിയയിലും ഷിയാ പോരാളികളുടെ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയത് .

ഷിയാ ഭൂരിപക്ഷ തെക്കന്‍ നഗരങ്ങളായ നജാഫ്‌, ബസ്ര എന്നിവിടങ്ങളിലും ബാഗ്‌ദാദിന്‌ വടക്കുള്ള കിര്‍ക്കുക്കിലും മറ്റും സ്‌ത്രീകളടക്കം ആയിരങ്ങള്‍ അമേരിക്കന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു. ഇറാഖ്‌ പാര്‍ലമെന്റിലെ ഡസന്‍ കണക്കിന്‌ അംഗങ്ങള്‍ അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണം എന്നാവശ്യപ്പെട്ടു. അമേരിക്കന്‍ സ്ഥാനപതി യെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്ന്‌ ഇറാഖ്‌ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.

അതീവ സുരക്ഷാമേഖലയിലെ എംബസി വളപ്പിലെ മതില്‍ കടന്ന്‌ എത്തിയ ക്ഷുഭിതരായ ഇറാഖികളെ പിന്തിരി പ്പിക്കാന്‍ അമേരിക്കന്‍ സൈനികര്‍ കണ്ണീര്‍വാതകഷെല്ലുകള്‍ വര്‍ഷിച്ചെങ്കിലും ഫലമുണ്ടായില്ല. എംബസിയിലേക്ക്‌ കല്ലെറിഞ്ഞ ജനങ്ങള്‍ അമേരിക്കന്‍ പതാകകള്‍ കത്തിച്ചു.

ഐ എസ്‌ ഭീകരരെ ചെറുക്കുന്ന ഇറാഖിലെ ഷിയാ സായുധ സംഘങ്ങളുടെ കൂട്ടായ്‌മയായ ഹാഷിദ്‌ അല്‍ശാബിയുടെ പതാകയേന്തിയായിരുന്നു പ്രകടനങ്ങള്‍. ഇതിലെ പ്രധാന ഘടകമായ ഹിസ്‌ബുള്ള ബ്രിഗേഡ്‌സിലെ അംഗങ്ങളാണ്‌ ഞായറാഴ്‌ച യുഎസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ഹാഷിദ്‌ അല്‍ശാബിയുടെ നായകനും ഇറാഖിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഫാലെ അല്‍ ഫയ്യദ്‌ അടക്കമുള്ളവര്‍ എംബസിയിലേക്കുള്ള പ്രകടനത്തില്‍ പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ യുഎസ്‌ എംബസിക്കു സമീപം ഒന്നിച്ച്‌ കബറടക്കുമെന്ന്‌ ഹാഷിദ്‌ നേതാക്കള്‍ പറഞ്ഞു.

ആക്രമണം അമേരിക്കയുമായുള്ള ബന്ധം വഷളാക്കിയിരിക്കുകയാണെന്ന്‌ ഇറാഖ്‌ സര്‍ക്കാര്‍ വ്യക്തമാക്കി. അമേരിക്ക അവരുടെ രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഇറാഖ്‌ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്‌ച ഒരു അമേരിക്കന്‍ കരാര്‍ ഉദ്യോഗസ്ഥന്‍ ഇറാഖില്‍ കൊല്ലപ്പെട്ടതിന്റെ പേരിലായിരുന്നു യുഎസ്‌ ആക്രമണം. ഇതിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സൗദി അറേബ്യ രംഗത്തെത്തി. 5200 അമേരിക്കന്‍ സൈനികരാണ്‌ ഇറാഖില്‍ അവശേഷിക്കുന്നത്‌.

NO COMMENTS