ഭക്ഷണശാലയ്ക്കുള്ളില്‍ യുവാവിനെ ബൈക്കിനൊപ്പം കുഴിച്ചു മൂടിയ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ .

135

നാഗ്പുര്‍: യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലെ കപ്‌സിയിലാണ് ഈ ഭക്ഷണശാല. ഡിസംബറിലായിരുന്നു കൊലപാതകം നടന്നത്. ഹല്‍ദിറാം കമ്ബനിയില്‍ ഇലക്‌ട്രീഷ്യനായിരുന്ന പങ്കജ് ദിലീപ് ഗിരംകാറിനെ(32)യാണ് മുഖ്യപ്രതിയായ അമര്‍സിങ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സ്വന്തം ഭക്ഷണശാലയ്ക്കുള്ളില്‍ ദിലീപിനെ ബൈക്കിനൊപ്പം കുഴിച്ചു മൂടിയത്.

ഗിരംകാറിന്റെ ഭാര്യയുമായി ഇരുപത്തിനാലുകാരനായ അമര്‍സിങ്ങിനുണ്ടായിരുന്ന പ്രണയബന്ധമാണ് കൊലപാത കത്തില്‍ കലാശിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുന്നതിനായി വാര്‍ധയിലേക്ക് ഗിരംകാര്‍ താമസം മാറ്റിയിരുന്നു. അതിന് ശേഷവും ബന്ധം തുടരുന്നതറിഞ്ഞ ഗിരംകാര്‍ ഡിസംബര്‍ 28 ന് അമര്‍സിങ്ങിനെ കാണാനെത്തി. തുടര്‍ന്നു ണ്ടായ കലഹത്തിനിടെ അമര്‍സിങ് ചുറ്റിക കൊണ്ട് ഗിരംകാറിന്റെ തലയ്ക്കടിച്ചു. അടിയേറ്റ ഗിരംകാര്‍ തല്‍ക്ഷണം മരിച്ചു.

കടയ്ക്ക് പിന്നിലായി വലിയൊരു കുഴിയെടുപ്പിച്ച അമര്‍സിങ് തന്റെ ഭക്ഷണശാലയിലെ പാചകക്കാരന്റേയും സുഹൃത്തിന്റേയും സഹായത്തോടെ ഗിരംകാറിന്റെ മൃതശരീരം അയാളുടെ ബൈക്കിനോടൊപ്പം കുഴിച്ചു മൂടി. പത്തടിയോളം ആഴമുള്ള കുഴിയില്‍ 50 കിലോഗ്രാം ഉപ്പിട്ട ശേഷം മൃതദേഹം കുഴിച്ചു മൂടിയത്. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കാന്‍ ഗിരംകാറിന്റെ മൊബൈല്‍ഫോണ്‍ രാജസ്ഥാനിലേക്ക് പോയ ട്രക്കില്‍ ഉപേക്ഷിച്ചു. ഗിരംകാര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്ത് കൊണ്ടുവന്നത്.

അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം എന്ന സിനിമയാണ് കൊലപാതകം മറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമായതെന്ന് അമര്‍സിങ് മൊഴി നല്‍കി. അന്വേഷണോദ്യോഗസ്ഥര്‍ നിരവധി തവണ സാധാരണവേഷത്തില്‍ ഭക്ഷണശാല സന്ദര്‍ശിച്ച്‌ തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അമര്‍സിങ് കുറ്റം സമ്മതിച്ചു. പാചകക്കാരന്‍ മനോജ് എന്ന രാംപ്രവേശ് തിവാരിയും അമര്‍സിങ്ങിന്റെ സുഹൃത്തായ തുഷാര്‍ രാകേഷ് ഡോംഗ്രേയുമാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചലച്ചിത്രം 2013 ലാണ് പുറത്തിറങ്ങിയത്. പിന്നീട് മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമ അനുകരിച്ച്‌ നിരവധി കൊലപാതകങ്ങള്‍ മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

NO COMMENTS