സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരാനായി മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി ഒരുങ്ങുന്നു. എറണാകുളം ജില്ലയിലെ ചെല്ലാനം, മലപ്പുറം ജില്ലയിലെ താനൂർ, കോഴിക്കോട് ജില്ലയിലെ വെള്ളയിൽ എന്നീ മത്സ്യബന്ധന തുറമുഖങ്ങൾ ഈ മാസം കമ്മീഷൻ ചെയ്യും. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് സജ്ജമാക്കുന്ന മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായി ആരംഭിച്ച തുറമുഖങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതിന് വേണ്ടിവന്ന അധിക തുക നബാർഡിന്റെ ഗ്രാമീണ പശ്ചാത്തല സൗകര്യ വികസന പദ്ധതിയിലൂടെയും സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഈ ഹാർബറുകൾ കൂടി പൂർത്തിയാകുന്നതോടെ കഴിഞ്ഞ നാലര വർഷം കൊണ്ട് എട്ട് ഹാർബറുകളുടെ നിർമ്മാണം പൂർത്തിയാക്കി എന്ന അപൂർവ്വ നേട്ടമാണ് സർക്കാർ കൈവരിക്കുന്നത്.
എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യമായ ചെല്ലാനം ഹാർബർ പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ 200ലേറെ യന്ത്രവത്കൃത ബോട്ടുകൾക്കും ആയിരത്തോളം നാടൻ വളളങ്ങൾക്കും മത്സ്യ ബന്ധനത്തിലേർപ്പെടാൻ സാധിക്കും. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി എന്നീ ഗ്രാമങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മത്സ്യബന്ധന ദിനങ്ങൾ 120ൽ നിന്ന് 250 ആയി ഉയർത്താനുമാകും. ഒന്നര ലക്ഷത്തോളം പേർക്ക് ഹാർബറിലൂടെ നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കും. 50 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ്. വാർഫ്, ലേലപ്പുര, അപ്രോച്ച് റോഡ്, റിക്ലമേഷൻ ബണ്ട്, പാർക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ എന്നിവയുടെ നിർമ്മാണം പൂർത്തിയായി വരുന്നു.
മലപ്പുറം ജില്ലയിലെ താനൂർ ഫിഷിംഗ് ഹാർബർ കമ്മീഷൻ ചെയ്യുന്നതോടെ പ്രദേശങ്ങളിലെ ഒരു ലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാകും. പുതിയ കടപ്പുറം, ചീരാൻ കടപ്പുറം, എടക്കടപ്പുറം, ഒസ്സാൻ, എളാരൻ, പണ്ടാരക്കടപ്പുറം, കോർമ്മൻ കടപ്പുറം എന്നീ മത്സ്യബന്ധന ഗ്രാമങ്ങൾക്ക് പദ്ധതി ഒരുപോലെ പ്രയോജനകരമാകും. ഹാർബർ നിർമ്മാണം പൂർത്തിയാകുമ്പോൾ മത്സ്യബന്ധനത്തിനുള്ള ദിനങ്ങൾ 250 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 86 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്. പുലിമുട്ടുകൾ, ഡ്രഡ്ജിംഗ്, വാർഫ്, ലേലഹാൾ, ലോഡിംഗ് ഏരിയ, അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
ഫിഷ് ലാൻഡിങ് സെന്റർ മാത്രമായിരുന്ന വെള്ളയിൽ മത്സ്യബന്ധന തുറമുഖം പ്രവർത്തന സജ്ജമാകുന്നതോടെ ചെറുവള്ളങ്ങൾക്കും ബോട്ടുകൾക്കും മത്സ്യവുമായി കരയ്‌ക്കെത്തുന്നതിനും വിപണനത്തിനും സൗകര്യമൊരുങ്ങും. വെള്ളയിൽ, പുതിയകടവ്, തോപ്പയിൽ, കാമ്പുറം എന്നീ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് തുറമുഖം പ്രയോജനപ്പെടും. കോഴിക്കോട് നഗരത്തിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന ഹാർബർ എന്ന നിലയിൽ മത്സ്യവിപണനത്തിന് വലിയ സാദ്ധ്യതയാണ് ഇവിടെ ഉണ്ടാവുക. മത്സ്യബന്ധനത്തിനുള്ള പ്രവൃത്തി ദിനങ്ങൾ 250 ആയി വർദ്ധിക്കും.
32 കോടി രൂപ വിലമതിക്കുന്ന 8980 ടൺ മത്സ്യ സമ്പത്ത് പ്രതിവർഷം ഇവിടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലിമുട്ടുകൾ, വാർഫ്, ലേല ഹാൾ, ലോഡിംഗ് ഏരിയ എന്നിവ പൂർത്തീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അനുബന്ധ റോഡ് നിർമ്മാണം, ചുറ്റുമതിൽ, പാർക്കിംഗ്, ഡ്രെയിൻ, വൈദ്യുതീകരണം, തെക്കേ പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കൽ എന്നീ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ആകെ 75 കോടി രൂപയാണ് പദ്ധതി ചെലവ്. വാർഫിൽ അടിഞ്ഞുകിടക്കുന്ന മണൽ നീക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു.