സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം

45

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം, പാരമ്പര്യ രീതിയിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ റോഡുകളുടെ നിർമ്മാണം എന്നിങ്ങനെ വിവിധ വികസന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെല്ലാനം, താനൂർ, വെള്ളയിൽ എന്നീ മത്സ്യബന്ധന തുറമുഖങ്ങൾക്കു പുറമെ മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം എന്നീ അഞ്ചു മത്സ്യബന്ധന തുറമുഖങ്ങളും ഈ സർക്കാരിന്റെ കാലയളവിൽ കമ്മീഷൻ ചെയ്യാനായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 1,700 ടൺ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൂർണമായും സംസ്ഥാന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ചെല്ലാനം മത്സ്യബന്ധന തുറമുഖത്തിന് 50 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി മത്സ്യബന്ധന ഗ്രാമങ്ങൾക്കാണ് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കുക. പ്രത്യക്ഷമായി 9,000 തൊഴിലവസരങ്ങളും 1.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 500 ടൺ അധിക മത്സ്യോത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

താനൂർ മത്സ്യബന്ധന തുറമുഖ നിർമാണത്തിന് 86 കോടി രൂപയാണ് ചെലവായത്. പുതിയ കടപ്പുറം, ചീരാൻ കടപ്പുറം, എടക്കടപ്പുറം, ഒസ്സാൻ, എളാരൻ, പണ്ടാരക്കടപ്പുറം, കോർമ്മൻ കടപ്പുറമടക്കമുള്ള മത്സ്യബന്ധന ഗ്രാമങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂർത്തിയായതോടെ താനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്താം. 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും ഒരു ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുക. 600 ടൺ അധിക മത്സ്യോത്പദനമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏകദേശം 75 കോടി ചെലവിലാണ് വെള്ളയിൽ മത്സ്യബന്ധന തുറമുഖം പൂർത്തിയായത്. വെള്ളയിൽ, പുതിയകടവ്, തോപ്പയിൽ, കാമ്പുറം ഗ്രാമങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കും. പ്രത്യക്ഷമായി 10,000 തൊഴിലവസരങ്ങളും ഒരു ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതോടൊപ്പം 600 ടൺ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു. ഫിഷറീസ് ഹാർബർ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.

NO COMMENTS