ടെഗുസിഗല്‍പ്പ: ഹോണ്ടുറാസ് ദേശീയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പ് മത്സരത്തിനു മുമ്പ് ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനമായ ടെഗുസിഗല്‍പ്പയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒളിമ്പിയ -മോട്ടഗവു ടീമുകള്‍ മത്സരിക്കുന്നതിനു മുമ്പാണ് അക്രമം അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് കളി ഉപേക്ഷിച്ചു.
ഹോണ്ടുറാസ് ഫുട്ബോളിലെ ചിരവൈരികളാണ് ഒളിമ്ബിയയും മോട്ടഗവുവും. മത്സരത്തിനുമുമ്ബ് മോട്ടഗവു കളിക്കാര്‍ സഞ്ചരിച്ച ബസ്സിന് നേരെ ആക്രമണമുണ്ടായിരുന്നു. മൂന്ന് കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ ബാക്കിയാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. 10,000-ത്തോളം കാണികള്‍ സ്റ്റേഡിയത്തിനകത്തുണ്ടായിരുന്നു.
ഒളിമ്ബിയ 43 വട്ടം ഒന്നാം ഡിവിഷന്‍ ലീഗ് ജയിച്ചിട്ടുണ്ട്. മോട്ടഗവു 17 തവണയും. നിലവില്‍ ഒന്നാം ഡിവിഷന്‍ ലീഗ് ജേതാക്കളാണ്.