അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി.

139

കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിറുത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. രക്തം കട്ടപിടിച്ച്‌ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം. കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

തലയ്ക്ക് പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്ബതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്.
അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയ കുഞ്ഞിന്റെ അമ്മയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം,​ കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റ‌ഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പൊലീസ് ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദ്ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

NO COMMENTS