മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേറിട്ട വഴികളുമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത്

120

കാസർകോട് : ഹരിത കേരളം മിഷന്റെ ശുചിത്വ -മാലിന്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അജൈവ മാലിന്യ നിര്‍മ്മാര്‍ജന ത്തിന്റെ പുതിയ വഴികളുമായി തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ വസ്തുക്കളുണ്ടാക്കുകയോ, സാധ്യമാകുന്ന മറ്റ് പ്രവര്‍ത്തികള്‍ക്കുപയോഗിക്കുകയോ ചെയ്ത് പഞ്ചായ ത്തിലെ അജൈവ മാലിന്യങ്ങളും മറ്റും പൂര്‍ണമായും ഇല്ലാതാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ പഞ്ചായത്ത് പരിധിയിലെ വീടുകളില്‍ നിന്നും ഉപയോഗശൂന്യമായ പഴയ വസ്ത്രങ്ങള്‍, തുണികള്‍ എന്നിവ പഞ്ചായത്തിലെ ഹരിത വോളണ്ടിയര്‍മാര്‍ ശേഖരിക്കും. പിന്നീട് ഇവ ഉപയോഗിച്ച് ചവിട്ടി, ബെഡ് തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്യും. മെഹയൂബ ഹരിത സഹായ സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക്കിന് പുറമെ മറ്റ് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗം നടത്തുന്ന ജില്ലയിലെ ആദ്യ പദ്ധതിയാണിത്.

പഞ്ചായത്തിലെ ഒരു പരിധി വരെയുള്ള മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. മാര്‍ച്ച് ഒമ്പത് മുതല്‍ 14 വരെ ആയിറ്റി, പേക്കടം, വയലോടി, ബിരിച്ചേരി, മെട്ടമ്മല്‍, വെള്ളാപ്പ് വാര്‍ഡുകളില്‍ നിന്നും, മാര്‍ച്ച് 15 മുതല്‍ 20 വരെ ഒളവറ,ഉടുമ്പുന്തല,തെക്കെ വളപ്പ്, കൈക്കോട്ട്കാവ്, പൂവളപ്പ്, വള്‍വക്കാട് വാര്‍ഡുകളില്‍ നിന്നും മാര്‍ച്ച് 21 മുതല്‍ 26 വരെ തങ്കയം, കക്കുന്നം, തലിച്ചാലം, ഉളിയം വാര്‍ഡുകളില്‍ നിന്നും മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ഒന്നു വരെ ടൗണ്‍, വൈക്കത്ത്, ഇയ്യക്കാട്, കൊയങ്കര, എടാട്ടുമ്മല്‍ വാര്‍ഡുകളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിക്കും. വസ്ത്രങ്ങള്‍ ശേഖരിക്കുമ്പോള്‍ ഹരിത വളണ്ടിയര്‍മാര്‍ക്ക് ഒരു വീട്ടില്‍ നിന്നും 40 രൂപയാണ് നല്‍കേണ്ടത്.

ഒന്നില്‍ കൂടുതല്‍ ചാക്കില്‍ വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ സംഖ്യ വര്‍ധിക്കും.ഏപ്രിലില്‍ പഴയ ചെരിപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവയും മെയ് മാസം കുപ്പികളും, കുപ്പി കഷണങ്ങളും കുപ്പി ചില്ലുകള്‍ എന്നിവയും വീടുകളില്‍ നിന്ന് ശേഖരിക്കും.

NO COMMENTS