തൃശ്ശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട് – ജില്ലാ കളക്ടർ അനുപമ

172

തൃശ്ശൂർ: പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ജില്ലാ കളക്ടർ അനുപമ. മെയ് 12,13,14 ദിവസങ്ങളിൽ നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോൾ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ തൃശ്ശൂർ ടൗണിനകത്ത് പ്രവേശിക്കുന്നതിൽ വിലക്കുണ്ട്. അതേസമയം ഈ വിലക്കുള്ള ആനകളിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉൾപ്പെടുമോ എന്നുള്ള ചോദ്യത്തിന് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കളക്ടർ പറഞ്ഞു. വിഷയത്തിൽ കോടതി ഉത്തരവെന്തോ അത് നടപ്പിലാക്കുമെന്നും അവർ അറിയിച്ചു.തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് കളക്ടർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചില ആനകളെ എഴുന്നള്ളിക്കുന്നത് മുമ്പേ നിരോധിച്ചിരുന്നതാണ്. നിരോധനം ഇപ്പോഴും നീക്കിയിട്ടില്ലെന്നും കളക്ടർ അനുപമ വ്യക്തമാക്കി. ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല. എല്ലാ വർഷവും പൂരത്തിനോടനുബന്ധിച്ച് നൽകാറുള്ള പൊതു നിർദേശമാണ്. ഇത് നോക്കിയിട്ട് തന്നെയാണ് സംഘാടകർ ആനയെ കൊണ്ടുവരുന്നതും മൃഗഡോക്ടർമാർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകുന്നതും. തൃശ്ശൂർ പൂരമാകുമ്പോൾ ഇതൊരു ഉത്തരവായിറിക്കി നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും കളക്ടർ പറഞ്ഞു.

സാമ്പിൾ വെടിക്കെട്ട് 11 ന് നടക്കുമെന്നും അവർ അറിയിച്ചു. , പാറമേക്കാവിന് വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെയും തിരുവമ്പാടിയുടേത് ഏഴുമുതൽ എട്ടര വരെയും നടക്കും. പ്രധാന വെടിക്കെട്ട് 14 ന് പുലർച്ചെ നടക്കും. ഇതിൽ പാറമേക്കാവിന്റേത് മൂന്നുമുതൽ ആറുവരെയും തിരുവമ്പാടിയുടേത് മൂന്നുമുതൽ അഞ്ചുവരെയും നടക്കും.

പകൽപൂരത്തിനോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് 14 ന് നടക്കും. പാറമേക്കാവിന്റേത് ഉച്ചയ്ക്ക് 11.30 മുതൽ രണ്ടുവരെയും തിരുവമ്പാടിയുടേത് 12.30 മുതൽ ഒന്നര വരെയും നടക്കും. വെടിക്കോപ്പുകളുടെ സുരക്ഷയ്ക്കുള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരെ നിയോഗിക്കും. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ 13 ന് രാവിലെ ആറുമുതൽ 14 ഉച്ചയ്ക്ക് രണ്ടുവരെ ലഹരി നിരോധനമുണ്ട്.

ഡ്രോണുകൾ, ഹെലി ക്യാം, ലേസർ ലൈറ്റുകൾ എന്നിവ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ നിരോധിച്ചിട്ടുണ്ട്. കാഴ്ച മറയ്ക്കുന്ന ട്യൂബ് ബലൂണുകൾക്കും നിരോധനമുണ്ട്. ചടങ്ങുകളുടെ സമയത്ത് ഉറക്കെ ശബ്ദമുണ്ടാക്കുന്ന വിസിലുകളുൾപ്പെടെയുള്ള ഉപകരണങ്ങൾക്കും നിയന്ത്രണം ഉണ്ടാകും.

പൂരത്തിനെത്തുന്നവർ തോൾ ബാഗ് ഒഴിവാക്കണം. ആംബുലൻസ് സൗകര്യം കൂടുതൽ സ്ഥലങ്ങളിൽ ഏർപ്പെടുത്തും. ദൂരസ്ഥലങ്ങളിൽ നിൽക്കുന്നവർക്ക് പൂരം വീക്ഷിക്കാൻ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും. എല്ലാ വകുപ്പുകളുടെയും നോഡൽ ഓഫീസുകൾ സജ്ജീകരിക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടർച്ചയായി ഉണ്ടാകും.

NO COMMENTS