തിരുവനന്തപുരം : തൃശൂര്‍ പൂരത്തിന‌് ആനകളെ എഴുന്നള്ളിക്കാന്‍ നല്‍കില്ലെന്ന മുന്‍ തീരുമാനത്തില്‍ ഇന്ന‌് തൃശൂരില്‍ നടക്കുന്ന സംഘടനയുടെ യോഗത്തില്‍ അന്തിമനിലപാട‌് എടുക്കും. മുന്‍ തീരുമാനം പിന്‍വലിക്കുമെന്നാണ‌് ഭാരവാഹികള്‍ നല്‍കുന്ന സൂചന. പൂരവുമായി ബന്ധപ്പെട്ട‌് ഒരു പ്രതിസന്ധിയുമില്ലെന്ന‌് ആന ഉടമകളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയ‌്ക്ക‌് ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ പൂരം എഴുന്നള്ളിപ്പിന‌് കൊമ്ബന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ നിയമോപദേശം തേടുമെന്ന‌് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച‌് കോടതിയില്‍ കേസ‌് നിലനില്‍ക്കുന്നുണ്ട‌്. ആന ഉടമകള്‍ ഉന്നയിച്ച മറ്റു പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞുവന്നശേഷം വിശദചര്‍ച്ച നടത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. ആന ഉടമകളുടെ സംഘടനകളെ പ്രതിനിധീകരിച്ച‌് കെ ബി ഗണേശ‌്കുമാര്‍ എംഎല്‍എ, ഫെഡറേഷന്‍ പ്രസിഡന്റ‌് പി ശശികുമാര്‍, മംഗലകുന്ന‌് പരമേശ്വരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.