കാസർകോട് കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

140

കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ
കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ. ഓപ്പൺ വോട്ടാണ് നടന്നതെന്ന വാദം അദ്ദേഹം തള്ളി.

സി.പി.എം പഞ്ചായത്തംഗം സലീന, മുൻ പഞ്ചായത്ത് അംഗങ്ങളായ സുമയ്യ, പദ്മിനി എന്നിവർക്കെതിരെയാവും കേസെടുക്കുക. നിലവിൽ പഞ്ചായത്തംഗമായ സലീന വോട്ടുചെയ്തത് സ്വന്തം ബൂത്തിലല്ല. അവർക്ക് പഞ്ചായത്തംഗത്വം രാജിവച്ച് അന്വേഷണം നേരിടേണ്ടിവരും. പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് കളക്ടർ അന്വേഷണം നടത്തും.

യുഡിഎഫിന്റെ പോളിങ് ഏജന്റ് രാവിലെ വന്നുവെങ്കിലും 11 മണിക്ക് അവിടെനിന്ന് പോയി. അതിനാൽ അവിടെ യു.ഡി.എഫ് ഏജന്റ് ഇല്ലായിരുന്നുവെന്നാണ് പ്രിസൈഡിങ് ഓഫീസർ നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ അവസാന മണിക്കൂറുകളിലെ തിരക്കിനിടെ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പോളിങ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അത് അംഗീകരിക്കാനാവില്ല. ഗുരുതരമായ കൃത്യവിലോപമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അവർക്കെതിരെ വിശദമായി അന്വേഷണം നടത്തും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി.

കള്ളവോട്ട് കണ്ടെത്തനായത് വെബ് കാസ്റ്റിങ്ങിന്റെ വിജയമാണ്. വെബ് കാസ്റ്റിങ് ഉണ്ടായിരുന്നില്ലെങ്കിൽ കള്ളവോട്ട് കണ്ടെത്താനാകില്ലായിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിപ്രായപ്പെട്ടു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളിലും അന്വേഷണം നടത്തും. റീ പോളിങ്ങിന്റെ കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കാനാവില്ല. വിവിധ റിപ്പോർട്ടുകൾ പരിഗണിക്കേണ്ടിവരും. വിശദമായ പരിശോധനയ്ക്ക് ശേഷമെ അക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. എന്നാൽ കള്ളവോട്ടിന്റെ കാര്യത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും. കള്ളവോട്ട് ചെയ്യാൻ സഹായിച്ച എൽ.ഡി.എഫ് പോളിങ് ഏജെന്റിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹവും നടപടികളും നേരിടേണ്ടിവരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

NO COMMENTS