ബെയ്ജിങ്: ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിയെക് ടിയോറ്റെ കുഴഞ്ഞുവീണു മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡിന്റെ മിന്നും താരമായിരുന്ന ടിയോറ്റെ പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചൈനീസ് ലീഗില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ബെയ്ജിങ് എന്റര്‍പ്രൈസിന്റെ താരമായിരുന്നു അദ്ദേഹം. ചൈനയില്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് ടിയോറ്റെ കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആറര വര്‍ഷത്തോളം ന്യൂകാസിലിന്റെ ജഴ്സിയണിഞ്ഞ ടിയോറ്റെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചൈനീസ് ടീമിലേക്കു ചേക്കേറിയത്. ന്യൂകാസിലിനു വേണ്ടി 156 മല്‍സരങ്ങളില്‍ ജഴ്സിയണിഞ്ഞിട്ടുള്ള ടിയോറ്റെ ഒരു ഗോള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഈ ഗോള്‍ ഇന്നും ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടാവും. ആഴ്സനലിനെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ 30 വാര അകലെ നിന്നു ടിയോറ്റെ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞുകയറുകയായിരുന്നു. 0-4നു പിന്നില്‍ നിന്ന ശേഷം ന്യൂകാസില്‍ 4-4ന്റെ സമനില പിടിച്ചുവാങ്ങി മല്‍സരം ലീഗിലെ ക്ലാസ് മാച്ചുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ന്യൂകാസിലിനെ കൂടാതെ ആന്‍ഡര്‍ലെക്‌ട്, റോഡ, ട്വെന്റെ ക്ലബ്ബുകള്‍ക്കായും 30 കാരനായ ടിയോറ്റെ കളിച്ചിട്ടുണ്ട്. 52 മല്‍സരങ്ങളില്‍ ദേശീയ ടീമിനായും കളത്തിലിറങ്ങിയ താരം ഒരു ഗോളും നേടി.