തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽനിന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിനു ശേഷം ഈ ഭാഗത്തുനിന്നു ലഭിക്കുന്ന മത്സ്യം കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.
ഇത്തരം ആശങ്കയ്ക്കു യാതൊരു അടിസ്ഥാനവുമില്ലെന്നും മത്സ്യം കഴിക്കുന്നത് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമു ണ്ടാക്കില്ലെന്നുമാണു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടെന്നും കളക്ടർ പറഞ്ഞു.
എണ്ണ കലർന്ന ഭാഗത്തുനിന്നു ലഭിച്ച മത്സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദമായ പരിശോധന നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. എണ്ണ ഒഴുകിയത് പ്രദേശത്ത് ചില പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതു മുൻനിർത്തിയാണ് എണ്ണ കലർന്ന മേഖലയിൽ മാത്രം താത്കാലികമായി മത്സ്യബന്ധനത്തിനു പോകരുതെന്നു നിർദേശിച്ചത്. മത്സ്യബന്ധന യാനങ്ങളിലും വല അടക്കമുള്ള ഉപകരണങ്ങളിലും എണ്ണ കലരാൻ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ ഒരു മുൻകരുതൽ നിർദേശം നൽകിയത്.
വേളി മുതൽ പുതുക്കുറിച്ചി വരെയുള്ള ഭാഗത്തുനിന്ന് എണ്ണ കലർന്ന മണ്ണ് ടൈറ്റാനിയം കമ്പനിതന്നെ നീക്കം ചെയ്ത് എണ്ണ നിർവീര്യമാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരികയാണന്നും കളക്ടർ അറിയിച്ചു.