കാസറഗോഡ് : ജില്ലയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതി കളിലൂടെ പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തന ങ്ങള്‍ നടന്നുവരിക യാണെന്നും ഇതിലൂടെ ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുകയാണെന്നും ആരോഗ്യ – സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവത്തൂര്‍ വി വി സ്മാരക സാമൂഹ്യ ആരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കെട്ടിടം എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് ആര്‍ ഡി ഐ എഫ് പദ്ധതിയില്‍ 1.8 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മൂന്നു നിലകളായി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 50 ഓളം രോഗികളെ കിടത്തി ചികിത്സിക്കാനാവും. താഴത്തെ നിലയില്‍ ദന്തല്‍ ഒ പിയും സാധാരണ ഒ പിയും മുകളിലെ രണ്ട് നിലകളിലായി സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, പുരുഷന്മാരുടെ വാര്‍ഡ് എന്നിവ പ്രവര്‍ത്തിക്കും.
ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വി സുനിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം വി രാംദാസ്, നബാര്‍ഡ് എ ഡി എം ജ്യോതിഷ് ജഗന്നാഥന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ സുധാകരന്‍, ഒ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, മുകേഷ് ബാലകൃഷ്ണന്‍, എ കെ ചന്ദ്രന്‍, ലത്തീഫ് നീലഗിരി, പി വി ഗോവിന്ദന്‍, സി ചന്ദ്രന്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി മനോഹരന്‍, ചെറുവത്തൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി ജി രമേശ് എന്നിവര്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണ ചുമതല നിര്‍വഹിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുസൂര്യയെ ചടങ്ങില്‍ ആദരിച്ചു.