കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റില്‍ കളിക്കാരുടെ ഭാര്യമാരുടെ തമ്മിലടി. ഏകദിന നായകന് ലസിത് മലിംഗ, മുന്‍ നായകന് തിസാര പെരേര എന്നിവരുടെ ഭാര്യമാരാണ് ഫേസ്ബുക്കില്‍ പോരടിച്ചത്. പെരേരയെ നീക്കി അടുത്തിടെ ലങ്കന്‍ ടീമിന്റെ നായകസ്ഥാനം മലിംഗയെ ഏല്‍പ്പിച്ചിരുന്നു. ഇതിനിടെ മലിംഗയും പെരേരയും തമ്മിലുള്ള ആശയപ്രശ്നം ഭാര്യമാര്‍ ഏറ്റെടുത്തതോടെ സംഗതി കൈവിടുകയായിരുന്നു. പെരേര ലങ്കന്‍ ക്രിക്കറ്റില്‍ രാഷ്ട്രീയക്കളിക്കു ശ്രമിക്കുന്നതായി മലിംഗയുടെ ഭാര്യ ടാനിയ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ടീമിലെ സ്ഥാനം നിലനിര്‍ത്താനും നായക സ്ഥാനം തിരിച്ചുപിടിക്കാനും പെരേര ശ്രീലങ്കന്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ടാനിയയുടെ പരോക്ഷ ആരോപണം.
പിന്നാലെ ഇതിനു മറുപടിയായി പെരേരയുടെ ഭാര്യ ഷെരാമി രംഗത്തെത്തി. ടാനിയയുടെ ആരോപണങ്ങള്‍ തള്ളിയ ഷെരാമി, മലിംഗയുടെ ഭാര്യയെ വംശീയമായി ആക്ഷേപിക്കുകയും ചെയ്തു. ഇതോടെ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയയ്ക്കുകയായിരുന്നു. ഭാര്യമാരുടെ തമ്മിലടി കാരണം രാജ്യത്തിനും ആരാധകര്‍ക്കും മുന്നില്‍ തങ്ങള്‍ വെറും പരിഹാസ കഥാപാത്രങ്ങളായി മാറുന്നുവെന്ന് പെരേര കത്തില്‍ പറയുന്നു.