തിരുവനന്തപുരം:ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാത്തതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപി’ന്റെ നടത്തിപ്പില്‍നിന്ന് റിലയന്‍സിനെ ഒഴിവാക്കാന്‍ തീരുമാനിചെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. പദ്ധതിക്കായി വീണ്ടും ടെന്‍ഡര്‍ വിളിക്കും. ആശുപത്രികള്‍ ആവശ്യപ്പെട്ടാല്‍ കരാറില്‍ രേഖപ്പെടുത്തിയ ഫീസിന്റെ 25 ശതമാനം ഇന്‍ഷുറന്‍സ് കമ്ബനി നല്‍കണമെന്ന വ്യവസ്ഥ റിലയന്‍സ് അംഗീകരിച്ചില്ല. സ്‌പെഷ്യാലിറ്റി ചികിത്സാസൗകര്യമുള്ള ആശുപത്രികളെ ഉള്‍പ്പെടുത്താനും കമ്ബനി തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് റിലയന്‍സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
റിലയന്‍സിനെ ഒഴിവാക്കാനും പുതിയ ടെന്‍ഡര്‍ വിളിക്കാനുമുള്ള ധനവകുപ്പിന്റെ നിര്‍ദേശങ്ങളടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്. മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനം നടപ്പാക്കും. ഇനി പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ മൂന്നുമാസത്തോളം വൈകും. ജൂണ്‍ ഒന്നുമുതല്‍ പദ്ധതി തുടങ്ങാന്‍ ഉത്തരവായെങ്കിലും റിലയന്‍സുമായി ഇതുവരെ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടാല്‍ അപ്പോള്‍ത്തന്നെ ആദ്യഗഡു പ്രീമിയമായി 167 കോടി നല്‍കേണ്ടിവരും. പദ്ധതിയില്‍നിന്ന് ഒഴിവാകാനാവാത്ത സാഹചര്യം ഇതുണ്ടാക്കും. അതുകൊണ്ടാണ് കരാര്‍ ഒപ്പിടാത്തതെന്നും ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
ഈ ഇന്‍ഷുറന്‍സ് പദ്ധതിയെപ്പറ്റി വ്യാപകമായ വിമര്‍ശനങ്ങളാണുയര്‍ന്നത്. ചികിത്സാഫീസ് നിരക്ക് കുറവായതിനാല്‍ പ്രമുഖ സ്വകാര്യ ആശുപത്രികളെ പട്ടികയില്‍ ഉള്‍പ്പെടുത്താനായില്ല. ഉള്‍പ്പെടുത്തിയ ആശുപത്രികളില്‍ ഭൂരിഭാഗം എണ്ണത്തിലും സ്‌പെഷ്യാലിറ്റി ചികിത്സയുമില്ലായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ ഇതിനെതിരേ വ്യാപക ആക്ഷേപങ്ങളുയര്‍ത്തി.
മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി
ശമ്പള പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് 2017-18 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. നടത്തിപ്പ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ഏപ്രില്‍ അവസാനം ടെന്‍ഡറിലൂടെ. അഞ്ചു കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഇതില്‍ ജീവനക്കാരില്‍നിന്ന് ഏറ്റവും കുറഞ്ഞ വാര്‍ഷികപ്രീമിയം ആവശ്യപ്പെട്ടത് റിലയന്‍സായിരുന്നു. ഇതോടെയാണ് പദ്ധതി നടത്തിപ്പ് അവരെ എല്‍പ്പിച്ചത്. ജീവനക്കാരുടെ മാസപ്രീമിയം 250 രൂപയായിരുന്നു. പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന പ്രതിമാസ മെഡിക്കല്‍ അലവന്‍സായ 300 രൂപ അവരുടെ പ്രീമിയമാക്കാനും തീരുമാനിച്ചിരുന്നു. മൂന്നുവര്‍ഷമായിരുന്നു കാലാവധി.
ഓരോ കുടുംബത്തിനും ഇന്‍ഷുറന്‍സ് കാലയളവില്‍ രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയും അവയമാറ്റം ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് മൂന്നുവര്‍ഷത്തേക്ക് പരമാവധി ആറുലക്ഷം രൂപയുമായിരുന്നു ഇന്‍ഷുറന്‍സ്. ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ 11 ലക്ഷം പേര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്.പൊതുജനങ്ങള്‍ക്കായുള്ള കാരുണ്യ സമഗ്ര ആരോഗ്യ ചികിത്സാപദ്ധതി (കാസ്പ്) യുടെ നടത്തിപ്പും ഏറ്റെടുത്തത് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ആണ്.