കൊച്ചി: പൂര്‍ണമായും പുകവലി വിമുക്തമായ പൊതുസ്ഥലങ്ങള്‍ എന്ന ലക്ഷ്യത്തിനു പിന്തുണയുമായി സംസ്ഥാനത്തെ സ്വകാര്യ ചികില്‍സാ മേഖല സമ്പൂര്‍ണമായും പുകയില വിമുക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ 70 ശതമാനവും ഉള്‍പ്പെടുന്ന സ്വകാര്യ ചികില്‍സാമേഖല, രോഗീക്ഷേമവും പൊതുജനാരോഗ്യവും മുന്‍നിര്‍ത്തി പൂര്‍ണമായും പുകവലി വിമുക്തമായിക്കഴിഞ്ഞതായി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി.കെ. മുഹമ്മദ് റഷീദ് അറിയിച്ചു.
എല്ലാ സ്വകാര്യ ആശുപത്രികളിലും നോ സ്‌മോക്കിങ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. കേന്ദ്ര പുകയില നിയന്ത്രണ നിയമം, കോട്പ 2003 മാനദണ്ഡ പ്രകാരം പുകവലിക്കെതിരെ സചിത്ര മുന്നറിയിപ്പുകള്‍ നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ ആശുപത്രികളുടെ പുകയില മുക്ത, കോട്പ അനുകൂല സ്ഥിതി, അസോസിയേഷന്റെ് ഔദ്യോഗിക വെബ് സൈറ്റില്‍നിന്ന് അറിയാനാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഡോക്ടര്‍മാരും ആശുപത്രി മാനേജര്‍മാരും എന്ന നിലയില്‍ പുകവലി, പരോക്ഷ പുകവലി, പുകയില ഉപയോഗം എന്നിവയുടെ ദൂഷ്യങ്ങളെപ്പറ്റി തികഞ്ഞ ധാരണയുള്ളവരാണ് തങ്ങളെന്നും പുകയിലയുടെ ഉപയോഗം കുറയ്ക്കാനും അതുവഴി പകര്‍ച്ചേതര രോഗങ്ങളുടെ വ്യാപനം തടയാനും പ്രതിജ്ഞാബദ്ധരാണെന്നും ഡോ. മുഹമ്മദ് റഷീദ് പറഞ്ഞു.
പുകവലിക്കാരിലും പുകയില ഉപയോഗിക്കുന്നവരിലും കൗണ്‍സലിങ്ങും ബോധവല്‍ക്കരണ നടപടികളും നടന്നുവരുന്നു. പുകയിലയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കാനും അവര്‍ ഈ ശീലത്തിലേക്കു കടക്കാതിരിക്കാനും സാധ്യമായ എല്ലാ തലത്തിലും ഇടപെടലുകള്‍ നടത്തുന്നതായും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ഹുസ്സേന്‍ കോയ തങ്ങള്‍ പറഞ്ഞു. കേരളത്തിലെ സ്വകാര്യമേഖലയിലെ ആശുപത്രികളുടെ ഏറ്റവും വലിയ സംഘടനയാണ് കെപിഎച്ച്എ. പത്തിലധികം കിടക്കയുളള ബഎുഭൂരിപക്ഷവും കെപിഎച്ച്എ യില്‍ അംഗങ്ങളാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി സ്വകാര്യ ആശുപത്രികളില്‍ കര്‍ശന പുകയില വിമുക്ത അന്തരീക്ഷം ഉറപ്പാക്കാന്‍ കെപിഎച്ച്എ ആറുമാസക്കാലമായി തീവ്രശ്രമം നടത്തിവരുകയാണ്.