ഇന്ന് വായനാ ദിനം – വായിച്ചു വളരുക – ചിന്തിച്ചു വിവേകം നേടുക – എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച പി. എൻ പണിക്കരുടെ ചരമദിനം

1512

തിരുവനന്തപുരം : കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായന ദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. അദ്ദേഹത്തിൻറെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി.

കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ ‘സനാതനധർമം’ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.

നിരക്ഷരതാ നിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്.’വായിച്ചു വളരുക – ചിന്തിച്ചു വിവേകം നേടുക ‘ എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.1995 ജൂൺ 19 നു അദ്ദേഹം മരണപ്പെട്ടു . അച്ഛൻ ഗോവിന്ദപ്പിള്ള – അമ്മ ജാനകിയമ്മ.

NO COMMENTS