അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886ല്‍ നടന്ന ‘ഹേ മാര്‍ക്കറ്റ്’ കലാപത്തിന്റെ സ്മരണ പുതുക്കലായാണ് വര്‍ഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തിയ മെയ് ദിനാചരണത്തിന്റെ നൂറ്റിയിരുപത്തഞ്ചാം വാര്‍ഷികമെന്നെ പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ തൊഴിലാളി ദിനത്തിന്. 1930നു ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. അമേരിക്കയിലും യൂറോപ്പിലും തുടങ്ങിയ കൂട്ടപ്പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലും ഇന്ത്യയിലേക്കും പടര്‍ന്നിരിക്കുന്നു. ഇതോടെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം മുന്‍പത്തേതിനേക്കാളും അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ആസ്‌ട്രേലിയ സിംഗപ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള കൂട്ട പിരിച്ചു വിടലില്‍ ജീവിതം നഷ്ടമായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നമുക്കിടയിലുണ്ട്.
ജോലിയുടെ കാര്യത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വിദ്യാഭ്യാസത്തിനുണ്ട്. ഇത് ഏറെ പ്രകടമായി കാണാവുന്നത് കേരളത്തിലാണ്. മുന്‍പ് മലയാളികള്‍ ചെയ്ത ഭൂരിഭാഗം ജോലികളും അവരേക്കാള്‍ മനോഹരമായി ബംഗാളികള്‍ ഉള്‍പ്പെടുന്ന ഉത്തരേന്ത്യക്കാര്‍ ചെയ്യുന്നു. അടിസ്ഥാന വിദ്യാഭ്യാസമുള്ളവര്‍ പോലും വൈറ്റ് കോളര്‍ ജോലിക്കു പുറകേയാണ്. വരുമാനത്തിനപ്പുറം കേള്‍ക്കാന്‍ ഇമ്പമുള്ള സ്ഥാനമാഗ്രഹിക്കുന്നവരാണ് അധികവും. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു കോടി കവിയുമെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മുന്നറിയിപ്പും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സംഘടിച്ചാലല്ലാതെ, ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളിദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ സാര്‍വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യം ഉറക്കെ ഏറ്റു പറയാന്‍ ഇന്നത്തെ സാഹചര്യം ആഹ്വാനം ചെയ്യുന്നു.