ഇന്ന് വിദ്യാരംഭം – അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ – സ്ഥാനാര്‍ഥികൾ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകും

288

തിരുവനന്തപുരം : വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. വിജയദശമി നാളില്‍ അറിവിന്റെ മധുരം നുകര്‍ന്ന് കുരുന്നുകള്‍. അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ എത്തിയത് പതിനായിരങ്ങൾ . നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധിയിടങ്ങളില്‍ സ്ഥാനാര്‍ഥികളും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകും.

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാര്‍ സരസ്വതി ക്ഷേത്രത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ വായനാശാലയിലും ബിജെപി സ്ഥാനാര്‍ഥി എസ്.സുരേഷ് ഇടപഴഞ്ഞിയിലെ ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകും.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബികയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്ബിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

കല്‍മണ്ഡപത്തില്‍ പാരമ്ബര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച്‌ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

NO COMMENTS