തിരുവനന്തപുരം :ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽപ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു.
ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവർത്തിക്കാൻ ഇടവന്നിട്ടുണ്ടാകില്ല. അർപ്പണബോധം, കാര്യക്ഷമത, ആത്മാർഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാൻ ടോംജോസിന് തുണയായത്.
അത്യന്തം ബുദ്ധിമുട്ടുണ്ടാകുന്ന ഘട്ടങ്ങളിൽ നേരിടാനുള്ള തന്ത്രങ്ങളും പദ്ധതികളും നമുക്ക് രൂപപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. അതിന്റെ നിർവഹണം എത്രമാത്രം ക്ലേശകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതേറ്റെടുത്ത് വിജയിപ്പിക്കാനായി എന്നതാണ് ടീം ലീഡർ എന്നനിലയ്ക്ക് ടോം ജോസിന്റെ വലിയ വിജയം. ഇത്തരത്തിൽ അർഥപൂർണമായ ഇടപെടലിന് ഉദ്യോഗസ്ഥ പ്രമുഖനായി ഒതുങ്ങിനിൽക്കാതെ ബ്യൂറോക്രസിയെ ജനസേവന ഉപാധിയാക്കി മാറ്റി സമർപ്പിത മനസ്സോടെ ജനസേവകനാകാനുള്ള സന്നദ്ധതയിലേക്ക് ഉയരാനാകണം.
സിവിൽ സർവീസിന്റെ വരേണ്യസംസ്‌കാരത്തിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്ക് അപൂർവ മായി മാത്രമേ ഇത്തരത്തിൽ മാറാനാകൂ. അതിൽ ടോം ജോസിന്റെ നേതൃത്വത്തിലുള്ള ടീമിന് വിജയിക്കാനായത് അഭിനന്ദനാർഹമാണ്. സ്വന്തം നാടും ജനങ്ങളും വിഷമത്തിലാകുമ്പോൾ അത് തന്റെ കൂടി വിഷമമാണെന്ന് കരുതാനുള്ള മനസ്സന്നദ്ധതയുള്ളതിനാലാണ് അദ്ദേഹത്തിനത് സാധിച്ചത്.
വെള്ളപ്പൊക്കക്കെടുതി, ശബരിമല വിധിയെ ത്തുടർന്നുണ്ടായ സമരം, നിപ രോഗം, പ്രളയവും കാലവർഷക്കെടുതിയും ഇപ്പോൾ കോവിഡ് മഹാമാരി തുടങ്ങിയവയ്ക്കെല്ലാം മാറി വരുന്ന തന്ത്രങ്ങളും നിലപാടുകളും അപ്പപ്പോഴുള്ള സ്ഥിതി മനസിലാക്കി അതിന്റെ സൂക്ഷ്മാംശ ത്തിൽ നടപ്പാക്കിയെടുക്കുക എന്നത് ഒരു ചീഫ് സെക്രട്ടറിയുടെ ചുമതലയാണ്.
ഭരണനേതൃത്വത്തിന്റെ മനസറിഞ്ഞ് കാര്യങ്ങൾ നടപ്പാക്കുക എന്നത് ജനാധിപത്യത്തിൽ പ്രധാനമാണ്. ആ തലത്തിലേക്ക് ഉയർന്നാലേ കാര്യങ്ങൾ അനായാസമായി മുന്നോട്ടുപോകൂ. അത് എങ്ങനെയെന്നത് സിവിൽ സർവീസിലുള്ളവർക്ക് ടോം ജോസിൽനിന്ന് മാതൃകയാക്കാവുന്നതാണ്.
ഭരണാസൂത്രണ നേതൃത്വവും ഭരണനിർവഹണ നേതൃത്വവും ഒറ്റമനസായി നിന്നാൽ കേരളം പോലൊരു സംസ്ഥാനത്തിന് ഒന്നും അസാധ്യമല്ല എന്നതും പാഠമാണ്.വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും അത് നേരിടാൻ കെൽപ്പുള്ളവരെയാണ് തേടിയെത്തുക എന്ന സങ്കൽപ്പമുണ്ട്. നേരത്തെ പറഞ്ഞതിന് പുറമേ, മുമ്പും അദ്ദേഹത്തിന്റെ സർവീസ് ജീവിതത്തിൽ ഇത്തരം ഇടപെടലുകൾ വേണ്ടിവന്നിട്ടുണ്ട്.
കാണ്ഡഹാർ വിമാനറാഞ്ചൽ, പാർലമെൻറ് മന്ദിരത്തിലെ ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിൽ അദ്ദേഹത്തിന് പ്രധാനപങ്ക് വഹിക്കാനായിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങൾ നേരിടാനുള്ള അദ്ദേഹത്തിന്റെ നേതൃപാടവത്തിൽ കേരളത്തിന്റെ നന്ദിപൂർവമായ പരാമർശം അർഹിക്കുന്നു. പഠിച്ചതൊക്കെ പ്രയോഗിക്കാനും ദേശീയതല ഉദ്യോഗസ്ഥ ബന്ധങ്ങൾ കേരളത്തിന് വേണ്ടി ഉപയോഗപ്പെടുത്താനും അദ്ദേഹം സന്നദ്ധനായിരുന്നു.
കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്നനിലയിൽ പരിമിതപ്പെടുത്തി കാണേണ്ട വ്യക്തിത്വമല്ല ടോം ജോസിന്റേത്. ടോം ജോസിന്റെ സേവന മേഖല സാർവദേശീയതലം വരെ പടർന്നുകിടക്കുന്ന താണ്. മോസ്‌കോയിൽ ഇന്ത്യാ-റഷ്യ ബന്ധത്തിന്റെ കോ-ഓർഡിനേറ്ററായി ഒരു നിർണായക ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ചത് അദ്ദേഹത്തെയാണ്. മധ്യേഷ്യയിലെ സൈനികബന്ധങ്ങൾ, സബ്മറൈനുകൾ മുതൽ എയർക്രാഫ്റ്റുകൾ വരെയുള്ളവയുടെ സംഭരണം തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചുമതലയിൽ ആയിരുന്നു ഒരുഘട്ടത്തിൽ. നയതന്ത്ര സ്വഭാവമുള്ള ഒട്ടേറെ കാര്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി അദ്ദേഹത്തിന് പ്രവർത്തിക്കാനായി.
സർക്കാർ നയങ്ങൾ അതേ അർഥത്തിൽ പ്രവർത്തനപഥത്തിൽ എത്തിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. കൊച്ചി മെട്രോയുടെ എം.ഡിയായപ്പോൾ അതിന്റെ കേന്ദ്രാനുമതികൾ നേടിയെടുക്കാൻ പ്രത്യേക താത്പര്യമെടുത്തു. ഇപ്പോൾ പല പ്രവർത്തനങ്ങളും പറയാനുണ്ടെങ്കിലും വേസ്റ്റ് ടു എനർജി പ്രോഗ്രാമിന് പുതിയ മാനങ്ങൾ കണ്ടെത്തുന്നതിന് അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രത്യേകതയായി. പരിസ്ഥിതി, മാലിന്യസംസ്‌കരണം എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമാണ്.
സിവിൽ സർവീസിലേക്ക് വരുന്ന പുതുതലമുറയ്ക്ക് പഠിക്കാനുള്ള ഒരുപാട് പാഠങ്ങൾ ഈ ചീഫ് സെക്രട്ടറിയുടെ സർവീസിലുണ്ട്. ജനാധിപത്യത്തിൽ ഉദ്യോഗസ്ഥ പ്രമുഖരുടെ സ്ഥാനം എവിടെയാണ് എന്നതുമുതൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടത് എങ്ങനെയാണ് തുടങ്ങിയതുവരെയുള്ള കാര്യങ്ങളിൽ ഇദ്ദേഹത്തിന്റെ സർവീസ് ജീവിതത്തിൽനിന്ന് പഠിക്കാം. തങ്ങൾ ഒരു പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ് തങ്ങൾക്ക് തടസ്സമെന്നും കരുതുന്ന ചിലരെങ്കിലും സിവിൽ സർവീസിലുണ്ട് എന്നത് നമ്മുടെ അനുഭവമാണ്. ജനാധിപത്യം ചോർത്തിക്കളഞ്ഞുള്ള ഉദ്യോഗസ്ഥ ഭരണമല്ല ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് മനസിലാക്കി പ്രവർത്തിച്ച ടോം ജോസിനെപ്പോലെയുള്ളവരിൽനിന്ന് ഒരുപാട് പാഠങ്ങൾ സർവീസിലുള്ളവർക്ക് പകർത്തിയെടുക്കാനുണ്ട്.
എങ്ങനെ നിലവിലുള്ള വ്യവസ്ഥിതിക്കുള്ളിൽനിന്ന് ക്രമരഹിതമല്ലാതെ നല്ലകാര്യങ്ങൾ നടപ്പാക്കാം എന്ന് മനസിലാക്കാനും പുതുതലമുറയ്ക്ക് ഇദ്ദേഹത്തിന്റെ സർവീസ് ജീവിതം പ്രയോജനപ്പെടും. എല്ലാഘട്ടത്തിലും ടീമിനെ ഒന്നിച്ചുകൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചു. വിരമിച്ചാലും വിശാലമായ പൊതു, സാമൂഹ്യ ജീവിതത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ആവശ്യമുള്ള ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങളും സേവനങ്ങളും നമുക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാസുരമായ ഭാവിജീവിതം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സൾക്കാരിനുവേണ്ടി ടോം ജോസിന് മുഖ്യമന്ത്രി ഉപഹാരം നൽകി.
കേരളം ദുരന്തങ്ങളെ നേരിടുന്നത് ഇന്ത്യയിലും ലോകവ്യാപകമായും അംഗീകാരം കിട്ടുന്ന നിലയിൽ എത്തിയത് കൂട്ടായ ടീം വർക്കിന്റെ ഭാഗമായാണെന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിവിൽ സർവീസിൽ വന്നിട്ടില്ലായിരുന്നെങ്കിൽ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കാൻ കേരളത്തിലെ ഒരു കൊച്ചുപട്ടണത്തിൽനിന്നുള്ള എനിക്ക് സാധിക്കുമായിരുന്നു എന്നു കരുതുന്നില്ല.
വിജയങ്ങൾ എന്തുമാത്രമാണ് എന്നുള്ളതു കൊണ്ട് ഒരാളെ വിലയിരുത്തരുത്, വീഴ്ചകളിൽനിന്ന് എത്രമാത്രം എഴുന്നേറ്റു മുന്നോട്ടുപോകാനായി എന്നതിൽ നിന്നാണ് വിലയിരുത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
നിയുക്ത ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ആശംസകൾ നേർത്തു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, കെ.കെ.ശൈലജ ടീച്ചർ, സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയുടെ പത്‌നി സോജ തുടങ്ങിയവർ സംബന്ധിച്ചു. പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതവും ജോയൻറ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ. ഹഖ് നന്ദിയും പറഞ്ഞു