തിരുവനന്തപുരം: നെഹ്റു എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിനുശേഷം നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം ഫലം കാണുന്നു. ഇതിന്റെ ഭാഗമായി മറ്റക്കരയിലെ ടോംസ് എഞ്ചിനീയറിങ് കോളേജിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ ശുപാര്‍ശ നല്‍കി. സ്വാശ്രയ കോളേജുകളെക്കുറിച്ച് അന്വേഷിക്കുന്ന സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളേജില്‍ അന്വേഷണം നടത്തിയിരുന്നു. ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. സര്‍ക്കാര്‍ കോളേജിനെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ടോംസ് എഞ്ചിനീയറിങ് കോളേജ് വളഞ്ഞ വഴിയിലൂടെയാണ് അംഗീകാരം നേടിയെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോളേജില്‍ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ വി.സി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അടക്കം വിവിധ പ്രശ്നങ്ങളും സമിതി കണ്ടെത്തിയിരുന്നു. പാമ്ബാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ യുടെ ആത്മഹത്യയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരിച്ച ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്നും ഇന്‍വിജിലേറ്ററും കോളേജ് പ്രിന്‍സിപ്പലും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.