ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ മുഖ്യപ്രതി ശബരീനാഥിനു രണ്ടു കേസുകളിലായി 40 വര്‍ഷം തടവും എട്ടേകാല്‍ കോടി രൂപ പിഴയും ശിക്ഷ

161

തിരുവനന്തപുരം• ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ മുഖ്യപ്രതി ശബരീനാഥിനു രണ്ടു കേസുകളിലായി 40 വര്‍ഷം തടവും എട്ടേകാല്‍ കോടി രൂപ പിഴയും ശിക്ഷ. കേസിന്റെ വിസ്താരമധ്യേ കുറ്റം സമ്മതിച്ച ശബരിയെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.കെ.സുരേഷാണു ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി.ചാക്ക ഐടിഐക്കു സമീപം മുരുകാലയം വീട്ടില്‍ സുഭാഷ് ഗാന്ധി വാദിയായ കേസില്‍ രണ്ടു കോടി രൂപ പിഴയും 20 വര്‍ഷം തടവും സുനില്‍ കുമാറും തട്ടിപ്പിനിരയായ മറ്റു ചില നിക്ഷേപകരും വാദിയായ കേസില്‍ ആറേകാല്‍ കോടി രൂപ പിഴയും 20 വര്‍ഷത്തെ തടവു ശിക്ഷയുമാണു വിധിച്ചത്. സുഭാഷിന്റെ 47 ലക്ഷം രൂപ തട്ടിച്ചെന്നാണു കേസ്. മറ്റുള്ളവരുടെ 50 കോടി രൂപയോളം തട്ടിയെടുത്തു.പിഴ അടച്ചില്ലെങ്കില്‍ ഓരോ കേസിലും ഓരോ വര്‍ഷം അധിക തടവു ശിക്ഷ അനുഭവിക്കണം. ഇപ്പോള്‍ ജയിലില്‍ കിടന്ന കാലയളവു കുറച്ചുള്ള വര്‍ഷം തടവു ശിക്ഷ അനുഭവിച്ചാല്‍ മതി. പിഴ അടച്ചാല്‍ ആ തുക നിക്ഷേപകര്‍ക്കു വീതിച്ചു നല്‍കാനും കോടതി ഉത്തരവിട്ടു.
നെസ്റ്റ്, ഐനെസ്റ്റ്, ടോട്ടല്‍ ഫോര്‍ യു (ടോട്ടല്‍ സൊലൂഷ്യന്‍), എസ്ജെആര്‍ ഗ്രൂപ്പ് എന്നീ പേരുകളില്‍ നിയമവിരുദ്ധമായി സ്ഥാപനങ്ങള്‍ ആരംഭിച്ചാണു തട്ടിപ്പു നടത്തിയത്. നിക്ഷേപകര്‍ക്കു വന്‍ പലിശ വാഗ്ദാനം ചെയ്തു നൂറുകണക്കിനാളുകളില്‍ നിന്നു പണം വാങ്ങി നിക്ഷേപ തുക നല്‍കാതെ അവരെ ചതിച്ചു വിശ്വാസ വഞ്ചന നടത്തിയ കേസുകളാണിത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസുകള്‍ പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന പി.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചത്. ആകെ 33 കേസുകളാണു റജിസ്റ്റ്ര്‍ ചെയ്തിട്ടുള്ളത്. ഇത് ഒന്‍പതു കുറ്റപ്പത്രങ്ങളായി കോടതിയില്‍ സമര്‍പ്പിച്ചു.പ്രധാന കേസില്‍ 501 രേഖകളും 308 തൊണ്ടി മുതലും ക്രൈംബ്രാഞ്ച് ഹാജരാക്കി. ബിന്ദു, ചന്ദ്രമതി, ഡോ.രമണി, ഹേമലത തുടങ്ങി 19 പ്രതികള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു കേസിലും വിസ്താരം നടക്കുന്നുണ്ട്. കേസിലെ പ്രതികളുടെ രണ്ടര കോടി രൂപ ക്രൈംബ്രാഞ്ച് നേരുത്തെ മരവിപ്പിച്ചിരുന്നു. കോടതിയും ഇതംഗീകരിച്ചു. ശബരീനാഥിന്റെയും മറ്റു പ്രതികളുടെയും പേരിലുള്ള 23 ആഡംബര കാറുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതില്‍ 17 കാറുകള്‍ കോടതി റിസീവര്‍ മുഖേന വിറ്റു. ശബരിയുടെ പേരിലുള്ള രണ്ടു വീടുകളും ഇയാള്‍ മുന്‍കൂര്‍ പണം നല്‍കി കരാര്‍ എഴുതിയ വസ്തുക്കളും ക്രൈംബ്രാഞ്ച് കണ്ടു കെട്ടിയിരുന്നു. ഇതില്‍ മലയിന്‍കീഴില്‍ റിസോര്‍ട്ട് നിര്‍മിക്കുന്നതിനു വേണ്ടി അഡ്വാന്‍സ് നല്‍കിയ 2.11 കോടി രൂപ കോടതിയില്‍ കെട്ടിവച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.എസ്.പഞ്ചു ഹാജരായി.

NO COMMENTS

LEAVE A REPLY