തിരുവനന്തപുരം: കൂടുതല്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്ന കേരള ടൂറിസത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ കൂടുതല്‍ വരുമാന വര്‍ധന നേടാന്‍ കഴിയുമെന്ന് ടൂറിസം മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മുഖ്യപ്രമേയമാകുന്നുവെന്നതാണ് ഇത്തവണ ട്രാവല്‍ മാര്‍ട്ടിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ട്രാവല്‍ മാര്‍ട്ട് ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ടൂറിസം വകുപ്പും സംസ്ഥാന സര്‍ക്കാരും ഗൗരവമായി പരിഗണിക്കുമെന്നും കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒന്‍പതാം പതിപ്പിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, കൊച്ചി ലെ മെറഡിയന്‍ ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ വെല്ലിംഗ്ടണ്‍ ഐലന്റിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററിലാണ് കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഔദ്യോഗിക പരിപാടികള്‍.
57 വിദേശരാജ്യങ്ങളില്‍ നിന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കാളിത്തമുണ്ടാകുമെന്ന് ശ്രീ മൊയ്തീന്‍ അറിയിച്ചു. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് കെടിഎമ്മിന് എത്തുന്നത്. ഉത്തരവാദിത്ത ടൂറിസത്തിനു പുറമേ കേരളത്തിന്റെ പുതിയ ടൂറിസം പദ്ധതിയായ മുസിരിസ് സ്‌പൈസ് റൂട്ടും ട്രാവല്‍ മാര്‍ട്ടിന് ഊര്‍ജം പകരും. വ്യാപകമായ പ്രചാരം നേടിയിരിക്കുന്ന ഉത്തരവാദിത്ത ടൂറിസം സര്‍ക്കാരിന്റെ നയമായി, എല്ലാ ടൂറിസം പദ്ധതികളുടെയും ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍-സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തിന്റെ വിജയമാണ് കേരള ട്രാവല്‍ മാര്‍ട്ട് എന്നു ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപയാണ് ട്രാവല്‍ മാര്‍ട്ടിനു സഹായമായി നല്‍കുന്നത്. ടൂറിസം വ്യാപാര മേഖലയും ട്രാവല്‍ മാര്‍ട്ടില്‍ ഏറെ മുതല്‍മുടക്കുന്നു. കൂടാതെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായവുമുണ്ട്. ഈ കൂട്ടായ്മയാണ് ട്രാവല്‍മാര്‍ട്ടിനെ വളര്‍ച്ചയിലേക്കു നയിക്കുന്നതെന്നും ഡോ. വേണു പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തെ ടൂറിസം വ്യാപാരമേഖല കൂടി ഏറ്റെടുക്കുന്ന കാഴ്ചയ്ക്കാവും കേരള ട്രാവല്‍ മാര്‍ട്ട് സാക്ഷ്യം വഹിക്കുക. ഉത്തരവാദിത്ത ടൂറിസത്തിനു വേണ്ടിയുള്ള ഉദാരനിലപാടുകള്‍ ടൂറിസം വ്യാപാരമേഖലയിലേക്കു കൂടി കൈമാറ്റം ചെയ്യപ്പെടുമെന്നും വേണു വ്യക്തമാക്കി.
കേരള ട്രാവല്‍ മാര്‍ട്ട് കേരള ടൂറിസത്തെ വളര്‍ച്ചയുടെ ഉന്നതികളിലെത്തിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ. യു.വി.ജോസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രചാരത്തിനും ട്രാവല്‍മാര്‍ട്ട് വഴിയൊരുക്കുമെന്നും ശ്രീ ജോസ് പറഞ്ഞു.
557 വിദേശ സംഘങ്ങളും രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍നിന്നായി 1379 സംഘങ്ങളും ട്രാവല്‍മാര്‍ട്ടില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ശ്രീ. ഏബ്രഹാം ജോര്‍ജ് അറിയിച്ചു. ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്ന സംരംഭകര്‍ക്കായി ബിസിനസ് കൂടിക്കാഴ്ചകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ശ്രീ ഏബ്രഹാം ജോര്‍ജ് പറഞ്ഞു. കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ട് പ്രതിനിധികള്‍ക്ക് യാത്രാപരിപാടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച രീതിയില്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നതിലൂടെ ടൂറിസം വരുമാനത്തില്‍ 5000 കോടി രൂപയുടെ അധിക വരവ് നേടാനാകുമെന്ന് കെ ടി എം മുന്‍ പ്രസിഡന്റ് ശ്രീ ഇ.എം.നജീബ് പറഞ്ഞു. ലോകത്തിലെ പ്രധാന വിവാഹവേദിയും മധുവിധു കേന്ദ്രവുമാക്കി കേരളത്തെ മാറ്റാന്‍ ട്രാവല്‍ മാര്‍ട്ട് ശ്രമിക്കും. ആയുര്‍വേദത്തിന്റെ അനന്ത സാധ്യതയും സംസ്ഥാനത്ത് പുതുതായി വികസിച്ചു വന്നിട്ടുള്ള ടൂറിസം കേന്ദ്രങ്ങളും ഇതിന് സഹായിക്കുമെന്നും ശ്രീ നജീബ് പറഞ്ഞു.
ടൂറിസത്തിന്റെ പരമ്പരാഗത മാര്‍ക്കറ്റായ യൂറോപ്പില്‍നിന്നും അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുമാണ് ഏറ്റവും വലിയ സംഘങ്ങളെത്തുന്നത്. ജപ്പാന്‍, ചൈന, ചിലി, ഗ്രീസ്, ഇറാന്‍, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, മെക്‌സിക്കോ, ബോട്‌സ്വാന, ജോര്‍ജിയ എന്നീ പത്തുരാജ്യങ്ങള്‍ ആദ്യമായി കേരള ട്രാവല്‍മാര്‍ട്ടില്‍ സാന്നിധ്യമറിയിക്കുന്നു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍, എന്നിവയുള്‍പ്പെട്ട 265 സെല്ലര്‍മാരാണ് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ബിസിനസ്-ടു-ബിസിനസ് മീറ്റിംഗുകള്‍ക്കുള്ള വേദിയായ ട്രാവല്‍മാര്‍ട്ടില്‍ ടൂറിസത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ലക്ഷ്യമിടുന്നു. ടൂറിസം രംഗത്തെ രാജ്യാന്തര വിദഗ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷണവും ശില്‍പശാലയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കെടിഎം സെക്രട്ടറി ജോസ് മാത്യുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.