ന്യൂഡല്‍ഹി • കേരളത്തിലെ തീരദേശ പാതകള്‍ അമേരിക്കയിലെ സമുദ്ര ഹൈവേ മാതൃകയിലാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയപാതയോരത്തു ടൂറിസം വികസന സാധ്യതയുള്ള തീരദേശ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കേരളസര്‍ക്കാരിനും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (എന്‍എച്ച്‌എഐ) കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍എച്ച്‌എഐ യോഗത്തിലാണു നിര്‍ദേശമുയര്‍ന്നത്.മികച്ച സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം പാതയോരത്തു വികസിപ്പിച്ചെടുത്ത ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അമേരിക്കയിലെ സമുദ്ര ഹൈവേയില്‍ യാത്രക്കാര്‍ക്കു കഴിയും. ദീര്‍ഘദൂര യാത്രകളില്‍ വിശ്രമത്തിനും വിനോദത്തിനും ഇൗ കേന്ദ്രങ്ങള്‍ അവസരമൊരുക്കും.
ഇത്തരത്തില്‍ വികസിപ്പിച്ചെടുക്കാവുന്ന ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലെ ദേശീയപാതയോരങ്ങളിലുണ്ട്. പ്രാദേശിക വികസനവും ഏറെ തൊഴില്‍ സാധ്യതയും ഇതുമൂലമുണ്ടാകും. ദേശീയ ഹൈവേ വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ദേശീയപാത 17ല്‍ (പുതിയ ദേശീയപാത 66) കേരള – കര്‍ണാടക അതിര്‍ത്തിമുതല്‍ കണ്ണൂരിലേക്കുള്ള തീരദേശ പാതയിലെ 131 കിലോമീറ്ററും വെങ്ങളത്തുനിന്നു കണ്ണൂരിലേക്കുള്ള 82 കിലോമീറ്ററും നാലുവരിയാക്കാനുള്ള വിശദമായ പദ്ധതി രൂപരേഖയ്ക്കും ദേശീയ ഹൈവേ അതോറിറ്റി രൂപം നല്‍കിവരികയാണ്.
ദേശീയപാത വികസനത്തിനായി ദേശീയ ഹൈവേ ഓര്‍ഗനൈസേഷന്റെ കീഴില്‍ 1200 കോടിയുടെ പദ്ധതി നിര്‍ദേശവും വിശദമായ രൂപരേഖയും സമര്‍പ്പിക്കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ സമര്‍പ്പിച്ചാല്‍ ഇൗ സാമ്ബത്തിക വര്‍ഷംതന്നെ ഫണ്ട് അനുവദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കേന്ദ്രസര്‍ക്കാരെന്നും ഗഡ്കരി അറിയിച്ചു. ദേശീയപാത 17ല്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലേക്കു പോകാനായി വാഹന അടിപ്പാത നിര്‍മിക്കാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.അതോടൊപ്പംതന്നെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റാംപ് നിര്‍മിക്കാനുള്ള രൂപരേഖ പുതുക്കി സമര്‍പ്പിക്കാനും ദേശീയപാത അതോറിറ്റിക്കും കരാറുകാര്‍ക്കും കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി. ഈയിടെ കൊച്ചി സന്ദര്‍ശിച്ച നിതിന്‍ ഗഡ്കരി കേരളത്തിലെ ദേശീയപാത നിര്‍മാണങ്ങള്‍ വിലയിരുത്തിയിരുന്നു. വടക്കാഞ്ചേരി – തൃശൂര്‍ ആറുവരിപ്പാത, തിരുവനന്തപുരം കഴക്കൂട്ടം – മുക്കോല നാലുവരിയാക്കല്‍, മുക്കോല മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെയുള്ള ദേശീയപാത വികസനം എന്നീ പ്രവൃത്തികളാണ് അന്നു കേന്ദ്രമന്ത്രി വിലയിരുത്തിയത്.