‘2016-17ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലം’ കേരളമെന്ന് ‘ വിലയിരുത്തല്‍

176

തിരുവനന്തപുരം: അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഓണ്‍ലൈന്‍ അവലോകന വെബ്‌സൈറ്റായ മൈടൂര്‍റിവ്യൂ.കോമിലെ ​(mytourreview.com) സന്ദര്‍ശകര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും സഞ്ചാരികളും ‘2016-17ല്‍ സന്ദര്‍ശിക്കേണ്ട സ്ഥല’മായി കേരളത്തെ തെരഞ്ഞെടുത്തു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം വിലയിരുത്തുന്നതിനുള്ള സൈറ്റില്‍ അന്താരാഷ്ട്ര യാത്രികരാല്‍ ഏറ്റവുമധികം അവലോകനം ചെയ്യപ്പെട്ട ലക്ഷ്യസ്ഥാനമാണ് കേരളം. ഇതേത്തുടര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടിനായുള്ള പ്രചരണപരിപാടിക്ക് വെബ്‌സൈറ്റ് രൂപം നല്‍കി.
രാജ്യാന്തര സഞ്ചാരികളുടെ മികച്ച അഭിപ്രായങ്ങളുടെ ഗുണഫലം എക്കാലത്തും ലഭിച്ച ലക്ഷ്യസ്ഥാനമാണ് കേരളം എന്ന് കേരളാ ടൂറിസം ഡയറക്ടര്‍ ശ്രീ. യു. വി.ജോസ് പറഞ്ഞു. ഏറെ സ്വാധീനശേഷിയുള്ളതും നീതിപൂര്‍വകവുമായ നിരൂപണോപാധിയായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിനോദസഞ്ചാരികളുടെ നല്ല വിലയിരുത്തലുകള്‍ വഴി വീണ്ടും കേരളം ഒന്നാമതെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ചാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനും വ്യവസായത്തില്‍ ഗുണമേ• വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാനുമായി തയാറാക്കിയതാണ് വെബ്‌സൈറ്റ്. ടൂര്‍ ഗൈഡുകളുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും പ്രവര്‍ത്തനം വിലയിരുത്തുന്ന ആഗോളതലത്തിലെതന്നെ ഏക ഓണ്‍ലൈന്‍ സംരംഭമാണിത്. ചുരുങ്ങിയ കാലയളവില്‍ വെബ്‌സൈറ്റില്‍ 500 ടൂര്‍ ഓപ്പറേറ്റര്‍മാരെ രജിസ്റ്റര്‍ ചെയ്യുകയും 300 റിവ്യൂകള്‍ നേടുകയും ചെയ്തു. യാത്രികരുടെ നിരൂപണങ്ങളില്‍ 80 ശതമാനത്തിലധികവും കേരളത്തില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെക്കുറിച്ചായിരുന്നു. ഇതാണ് പ്രചരണത്തിനായി സംസ്ഥാനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്.
ഗൂഗിളില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി തിരയുമ്പോള്‍ മൈടൂര്‍റിവ്യൂ.കോം ആദ്യസ്ഥാനത്താണെന്ന് ദി ട്രാവല്‍ പ്ലാനേഴ്‌സ് സിഇഒ ശ്രീ. അനീഷ് കുമാര്‍ പറഞ്ഞു. സൈറ്റിന് ലഭിക്കുന്ന ട്രാഫിക് കാരണമാണിത്. ഏറ്റവും അധികം നിരൂപണം ചെയ്യപ്പെട്ട ലക്ഷ്യസ്ഥാനമായത് കേരളത്തിന്റെ നേട്ടമാണ്. ലക്ഷ്യസ്ഥാനം എന്ന നിലയില്‍ ലഭിച്ച ഈ പുതിയ ബഹുമതി അന്താരാഷ്ട്രതലത്തില്‍ ജനപ്രിയ കേന്ദ്രം എന്ന രീതിയില്‍ ഇനിയും കേരളത്തിന്റെ സ്ഥാനം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

NO COMMENTS

LEAVE A REPLY