കേരളത്തെ ബ്രാൻഡാക്കുകയാണ് ടൂറിസത്തിന്റെ ലക്ഷ്യം- മന്ത്രി കടകംപള്ളി സുരേന്ദ്രൻ

105

തിരുവനന്തപുരം : ആഗോള വിനോദ സഞ്ചാരികൾക്കു മുൻപിൽ കേരളത്തെ ബ്രാൻഡാക്കി ഉയർത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ഇന്റർനാഷണൽ ചിൽഡ്രൻസ് ഓൺലൈൻ ചിത്രരചന മത്സരത്തിന്റെ സമ്മാനവിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വിപണനത്തിൽ കേരളം മത്സരിക്കുന്നത് മറ്റു രാജ്യങ്ങളോടാണ്.

ആ വെല്ലുവിളി ഏറ്റെടുത്ത് കൂടുതൽ വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുവാനാണ് വകുപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആഗോളതലത്തിൽ ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. കേരളത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് ക്ലിന്റ് എന്നും മന്ത്രി പറഞ്ഞു.‘കേരളം’ ആയിരുന്നു ചിത്രരചനയുടെ വിഷയം. നാല് വയസ്സ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കായി ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചത്. 96 രാജ്യങ്ങളിൽ നിന്ന് നാല്പതിനായിരത്തോളം എൻട്രികൾ ലഭിച്ചു. ആദ്യഘട്ടത്തിൽ മൂവായിരത്തോളം മികച്ച ചിത്രങ്ങൾ തെരഞ്ഞെടുത്തു. ഇതിൽ ഒന്നാം സ്ഥാനം നേടിയത് ഗുജറാത്ത് സ്വദേശിയായ പാർത്ഥ് ജോഷിയാണ്. 25000 രൂപയും ആറൻമുള കണ്ണാടിയുമടങ്ങിയ ഫലകവുമാണ് സമ്മാനമായി നൽകിയത്.

ബംഗ്ലാദേശിലെ ഓഥെ സ്വദേശി നഫീസ തപസം രണ്ടും തൃശ്ശൂർ സ്വദേശി ആരാധ്യ പി. ജി. മൂന്നും സ്ഥാനം നേടി. വിദേശത്ത് നിന്നും തെരഞ്ഞെടുത്ത പത്ത് പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചും കേരളത്തിനകത്ത് നിന്ന് 40 പേരും സമ്മാനത്തിനർഹരായി. ഇവർക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിച്ചു.

വിദേശികളായ വിജയികൾക്കും കുടുംബാംഗങ്ങൾക്കും അഞ്ച് ദിവസം കേരളത്തിൽ വിനോദയാത്രയും സംഘടിപ്പിച്ചു. 2018 സെപ്റ്റംബർ മുതൽ 2019 ജനുവരി വരെയാണ് ചിത്രരചനയ്ക്ക് സമയപരിധി നൽകിയത്. വിദേശത്തെ കുട്ടികൾ ടൂറിസം വെബ്സൈറ്റിൽ നിന്നും മറ്റ് ഓൺലൈൻ സൈറ്റുകളിൽ നിന്നുമാണ് കേരളത്തെക്കുറിച്ച് മനസ്സിലാക്കിയത്. കൂടുതൽ പേരും പുലികളി, തെയ്യം, ചെണ്ടമേളം എന്നിവയാണ് ചിത്രീകരിച്ചത്.

ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാര•ാരും നിരൂപകരും അടങ്ങിയ വിദഗ്ധ സമിതിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്.കെ. ടി. ഡി. സി. ചെയർമാൻ എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഇ. എം. നജീബ്, എം. എൽ. ജോണി തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS