നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) 25-ാം വർഷത്തിലേക്ക് കടക്കുന്നു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിഷിലെ സെന്റർ ഫോർ റിസർച്ച് ഇൻ കമ്യൂണിക്കേഷൻ സയൻസസ്, ബാരിയർ ഫ്രീ എൻവയോൺമെന്റ്, സെൻസറി പാർക്ക്, ഭിന്നശേഷി ശാസ്ത്ര ഗവേഷണ സെൽ എന്നിവയുടെ ഉദ്ഘാടനം മേയ് 17 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11.30ന് ആക്കുളത്തെ നിഷ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
ഭിന്നശേഷിക്കാർക്ക് ഒരുപോലെ ഉപയോഗപ്രദമായ ആക്‌സസിബിൾ ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ആശയവിനിമയ ശേഷി വർധിപ്പിക്കാൻ കഴിയുന്ന കഥാപുസ്തകങ്ങൾ നിർമിക്കുന്ന പദ്ധതിയാണിത്. ഐഇഎസ് നേടിയ നിഷ് ഏർലി ഇന്റർവെൻഷൻ പ്രോഗ്രാമിലെ പൂർവ വിദ്യാർത്ഥികളായ ലക്ഷ്മി, പാർവ്വതി എന്നിവരെ ചടങ്ങിൽ ആദരിക്കും. ശശി തരൂർ എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എം അഞ്ജന എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം വികസിപ്പിക്കാൻ ഏറ്റവും നൂതനമായ രീതിയിലുള്ള പ്രവർത്തനങ്ങളും ഗവേഷണങ്ങൾ ക്കുമാണ് നിഷ് നേതൃത്വം നൽകുന്നത്.ഇതിന്റെ ഭാഗമായാണ് സെന്റർ ഫോർ റിസർച്ച് ഇൻ കമ്യൂണിക്കേഷൻ സയൻസസ് (സിആർസിഎസ്) സംവിധാനം നിഷ് നടപ്പിലാക്കുന്നത്. ആശയവിനിമയ തകരാറുകൾ നേരിടുന്ന വ്യക്തികളെ സമൂഹത്തിൽ സജീവമായി ഇടപെടാൻ പ്രാപ്തരാക്കുന്നതിനായുള്ള ഗവേഷണങ്ങൾ, ചികിത്സ രീതികളുടെ വികസനം തുടങ്ങിയവ വിവിധ റിസർച്ച് ലാബുകളുൾപ്പെടെ തയാറാകുന്ന സിആർസിഎസ് സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചുവടുവയ്പ്പാണെന്നു സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഭിന്നശേഷിക്കാർക്കു ലൈബ്രറി വിഭവ, വിവര സഞ്ചയം പ്രാപ്യമാക്കുന്ന പദ്ധതിയാണ് ബാരിയർ ഫ്രീ എൻവയോൺമെന്റ്. കേന്ദ്രസർക്കാരിന്റെ കൂടി ധനസഹായത്തോടുകൂടിയുള്ള പദ്ധതിയിലൂടെ ഏവർക്കും തടസങ്ങളില്ലാതെ വിജ്ഞാനം ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഇന്ദ്രിയാധിഷ്ഠിതമായ പഠന രീതികൾ ഉൾപ്പെടുത്തിയ സംവിധാനമാ ണ് നിഷ് അവതരിപ്പിക്കുന്ന സെൻസറി പാർക്ക്. രണ്ടു മുതൽ 12 വയസുവരെ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഈ ആക്‌സസിബിൾ പാർക്കുകളുടെ രൂപകൽപ്പന. സംസ്ഥാനത്ത് ഭിന്നശേഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങ ൾക്കും ഒരു ഉപദേശക തലത്തിൽ പ്രവർത്തിക്കുന്നതിന് വേണ്ടി സെൽ രൂപീകരിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രൊഫഷണൽ വൈദഗ്ധ്യമുള്ളവർ അടങ്ങിയ ഈ സെൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.