തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി കുഞ്ഞനന്തന്‍ ജയിലിലെ നല്ലനടപ്പുകാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജയിലില്‍ കുഞ്ഞനന്തന് പ്രത്യേക പരിഗണനകളോ ഇളവുകളോ നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി പ്രതിക്ക് പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കുഞ്ഞനന്തന്‍ നല്ല നടപ്പുകാരനാണെന്ന് നിലപാടുമായി സര്‍ക്കാര്‍ കോടതിയിലെത്തിയത്.
കുഞ്ഞനന്ദന്‍ നല്ല നടപ്പുകാരനാണെന്നും ജയില്‍ നടപടികള്‍ ലംഘിക്കുകയോ അതിന്റെ പേരില്‍ നടപടികളെടുക്കേണ്ട സാഹചര്യമോ ഉണ്ടായിട്ടില്ല. ചട്ടപ്രകാരമാണ് കുഞ്ഞനന്ദന് പരോള്‍ അനുവദിച്ചതെന്നും. ഇതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിക്ക് ഒരു വര്‍ഷത്തില്‍ അറുപതിലധികം സാധാരണ പരോളുകള്‍ അനുവദിച്ചിട്ടില്ല. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തൊണ്ണൂറ് ദിവസത്തിനുള്ളിലുള്ള പരോള്‍ ശിക്ഷാകാലമായി പരിഗണിക്കുന്നതാണ് സംസ്ഥാന ജയില്‍ ചട്ടമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ടി.പി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കുഞ്ഞന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ചികിത്സക്കായി പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് രണ്ട് തവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്നും, ആശുപത്രിയില്‍ സഹായിയായി ഒരാളെ നിര്‍ത്തിയാല്‍ പുറത്തു പോകേണ്ട ആവശ്യമുണ്ടോയെന്നുമായിരുന്നു കോടതി അന്ന് ചോദിച്ചത്.