കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി.എല്ലാ സംഘടന പ്രതിനിധികളുമായും ചര്‍ച്ച നടത്തി. പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു.
ഹര്‍ത്താലിനെ അനുകൂലിക്കരുതെന്ന് ശ്രീധരന് പിള്ളയോട് അഭ്യര്‍ത്ഥിച്ചു. കടകള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്ബര്‍ ഓഫ് കൊമേഴ്സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു