കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിൽ “ട്രാഫിക് ജാം’. ബുധനാഴ്ച 200 മലകയറ്റക്കാർ ഒന്നിച്ചെത്തിയതോടെയാണ് ട്രാഫിക് ജാമിനു സമാനമായ അവസ്ഥ എവറസ്റ്റ് കൊടുമുടിയിൽ സൃഷ്ടിക്കപ്പെട്ടത്.
വിവിധ രാജ്യങ്ങളിൽനിന്നായുള്ള മലകയറ്റക്കാർ രാവിലെ അഞ്ചാം നമ്പർ ക്യാമ്പിൽ എത്തിയെന്നും ഇവിടെ രണ്ടു മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നതിൽ ഇവർ പരാതിപ്പെട്ടെന്നും ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 8848 മീറ്റർ ഉയരമുള്ള കൊടുമുടിയാണ് എവറസ്റ്റ്.
കൊടുമുടിയിൽ കുടുങ്ങിയവരെ ബുധനാഴ്ച വൈകിട്ടോടെയാണ് എവറസ്റ്റിന്റെ മുകളിൽ എത്തിക്കാൻ കഴിഞ്ഞത്. 200 പേരിൽ എത്രപേർ എറ്റവും മുകളിലെത്തി എന്നു വ്യക്തമല്ല.
ഈ സീസണിൽ വിവിധ രാജ്യങ്ങളിൽനിന്നായി 381 പേർക്കാണ് സർക്കാർ മലകയറാൻ പെർമിറ്റ് നൽകിയിരിക്കുന്നത്. 44 ടീമുകൾക്കായാണ് ഇത്. ഇത് റിക്കാർഡാണ്.
ഈ മാസം പതിനാലിനാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയിലെ മലകയറാനുള്ള പാത സർക്കാർ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. എട്ടു ഷെർപ്പകൾ അടങ്ങിയ ഒരു സംഘം ഈ സീസണിൽ ആദ്യമായി മലകയറി. മാർച്ചിൽ തുടങ്ങി ജൂണിൽ അവസാനിക്കുന്ന സീസണിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് എവറസ്റ്റ് കാണുന്നതിനായി നേപ്പാളിൽ എത്തുന്നത്.