ന്യൂഡല്‍ഹി: അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമായാണ് ട്രെക്ക് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ടത്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കിനാണ് ബുധനാഴ്ച ജി.ടി കര്‍ണല്‍ റോഡില്‍ വെച്ച് വലിയ പിഴ ചുമത്തിയത്.കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ മറ്റൊരു ട്രക്കിനെതിരേ 1,41000 രൂപയും, ഒഡീഷയില്‍ 80,000 രുപയും പിഴ ചുമത്തിയിരുന്നു.
പിഴ ശിക്ഷ ഗണ്യമായി വര്‍ധിപ്പിച്ച് പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു വാഹനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ തുകയും ട്രക്ക് ഉടമ അടക്കുകയും ചെയ്തു. പുതിയ നിയമ പരിഷ്‌കരണത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക ഒരു വാഹനത്തിനെതിരേ ചുമത്തിയത്.
കേരളം, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പിഴ ചുമത്തില്ലെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും ഉയര്‍ന്ന പിഴ ചുമത്താന്‍ സാധ്യമല്ലെന്ന് അറിയിച്ചിട്ടണ്ട്. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.