സംസ്ഥാനത്ത‌് ട്രോളിങ് നിരോധനം തുടങ്ങിയതോടെ രജിസ്റ്റര്‍ചെയ‌്ത യന്ത്രവല്‍ക്കൃത ബോട്ടുകള്‍ തീരമണഞ്ഞു. ഇതരസംസ്ഥാന ബോട്ടുകള്‍ സംസ്ഥാനതീരം വിട്ടു. ഫിഷറീസ‌്, മറൈന്‍ എന്‍ഫോഴ‌്സ‌്മെന്റ‌് നേതൃത്വത്തില്‍ കടലിലും ഹാര്‍ബറുകളിലും പരിശോധന ആരംഭിച്ചു.ബോട്ട‌് നിയന്ത്രിക്കുന്ന തൊഴിലാളികള്‍ക്കു പുറമെ മൂന്നുവീതം ജീവനക്കാര്‍ ബോട്ടിലും തോണിയിലും ഉണ്ടാകും. ലൈഫ‌്ബോയ, ലൈഫ‌് ജാക്കറ്റ‌്, ജിപിഎസ‌് നല്‍കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ എന്നിവയും ഉണ്ടാകും.
മണ്‍സൂണ്‍കാലത്ത് മീന്‍പിടിക്കാന്‍ പോകുന്നവര്‍ രാത്രിയില്‍ ലൈറ്റ് ഫിഷിങ‌് നടത്തരുത്. രാത്രിയില്‍ ലൈറ്റ് ഉപയോഗിച്ച് ആകര്‍ഷിച്ചും കണ്ണിവലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചും മത്തി, അയല തുടങ്ങിയവയുടെ വളര്‍ച്ച പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ പിടിച്ച് കച്ചവടം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. സമ്പാദ്യ സമാശ്വാസപദ്ധതിയില്‍ രജിസ്റ്റര്‍ചെയ‌്ത മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സമാശ്വാസധനം നല്‍കും. മാസം 4500 രൂപവീതമാണ‌് നല്‍കുക. 1.86 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക‌് സമാശ്വാസധനം നല്‍കും.തീരദേശ ജില്ലകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അപകടം സംബന്ധിച്ച എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനും ആവശ്യമായ നടപടികളും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ട്രോളിങ‌് കാലയളവിലുള്ള ആനുകൂല്യ വിതരണത്തിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട‌്.
പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളികള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും. എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐഡി കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകളോടെ അനുവദിക്കും. ട്രോളിങ‌് നിരോധനകാലത്ത‌് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച ഒരുബോട്ടും യന്ത്രവല്‍ക്കൃത തോണിയും മുഴുവന്‍ സമയവും കടലില്‍ ഉണ്ടാകും. പിടിക്കപ്പെട്ടാല്‍ രണ്ടരലക്ഷം രൂപവരെ പിഴ ഈടാക്കും. നിരോധിച്ച വലകളും രീതികളും ഉപയോഗിക്കരുത്.
കടലില്‍ പോകുന്നവര്‍ ലൈഫ് ജാക്കറ്റ്, ലൈഫ്‌ബോയ, കോമ്ബസ്, വയര്‍ലസ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകണം. വള്ളവും എന്‍ജിനും അറ്റകുറ്റപ്പണി തീര്‍ക്കണം. വള്ളത്തിന്റെ ഇരുവശങ്ങളിലും മഞ്ഞ പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ രജിസ്റ്റര്‍ നമ്ബര്‍ എഴുതണം.അപകടത്തില്‍പ്പെട്ടാല്‍ കോസ്റ്റല്‍ പൊലീസ് – (ടോള്‍ ഫ്രീ നമ്ബര്‍) 1093, കോസ്റ്റ്ഗാര്‍ഡ് – (ടോള്‍ ഫ്രീനമ്ബര്‍) 1554, നേവി (0484-2872353/5457), ഫിഷറീസ് കണ്‍ട്രോള്‍റൂം/മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഴിഞ്ഞം (0471-2480335, 9447141189) എന്നിവരെ അറിയിക്കണം.