കേരളത്തിലേക്ക് പ്രത്യേക ട്രെയിനില്ല; പിന്നില്‍ സ്വകാര്യ എയര്‍ബസ് – റെയില്‍വേ ഉദ്യോഗസ്ഥ ലോബി

214

കൊച്ചി • ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു ട്രെയിനോടിക്കാന്‍ കഴിയാത്തതിനു പിന്നില്‍ സ്വകാര്യ എയര്‍ബസ് – റെയില്‍വേ ഉദ്യോഗസ്ഥ ലോബിയുടെ അവിശുദ്ധ കൂട്ടുക്കെട്ട്. ഒാണം പ്രത്യേക ട്രെയിനുള്‍ക്കായുള്ള തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ശുപാര്‍ശകള്‍ വെട്ടുന്നതു ദക്ഷിണ റെയില്‍വേ ആസ്ഥാനത്തും ബെംഗളൂരു റെയില്‍വേ ഡിവിഷനിലും എന്നു സൂചന. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍ (സിപിടിഎം) ഉള്‍പ്പെടെയുള്ളവര്‍ മനസ്സു വെച്ചാല്‍ ട്രെയിനോടിക്കാമെങ്കിലും കഴിഞ്ഞ മൂന്നു കൊല്ലമായി കേരളത്തിലേക്കു ഒാടിക്കുന്ന പ്രത്യേക ട്രെയിനുകളുടെ എണ്ണം വളരെ കുറവാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നു ട്രെയിനുകള്‍ ഒാടിക്കുന്നുണ്ടെങ്കിലും അവധിക്കാലത്തും ശബരിമല സീസണിലും ബെംഗളൂരുവില്‍ നിന്നു മാത്രമാണു ഇപ്പോള്‍ കേരളത്തിലേക്കു ട്രെയിനില്ലാതെ വരുന്നത്.സ്വകാര്യ ബസുകളെ സഹായിക്കാനായി കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുളള വാരാന്ത്യങ്ങളിലോടിക്കാതിരിക്കാനും ബെംഗളൂരുവിലെ റെയില്‍വേ അധികൃതര്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ട്. ഈ ആക്ഷേപം ശരി വെയ്ക്കുന്നതാണു ചില സര്‍വീസകളുടെ നടത്തിപ്പ്. യശ്വന്ത്പൂര്‍ – കൊച്ചുവേളി ഗരീബ് രഥ് (12257/12258) വാരാന്ത്യങ്ങളില്‍ ഒാടിക്കാമെങ്കിലും അതിനു തയ്യാറാകാതെ മറ്റു ദിവസങ്ങളില്‍ ഒാടിച്ചാണു ബസുകാരെ സഹായിക്കുന്നത്. 2014ലെ ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം ബെംഗളൂരു പ്രീമിയം ട്രെയിന്‍ (22657/22658) ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഇത് ഒാടുന്ന ദിവസങ്ങള്‍ വാരാന്ത്യത്തിലായതിനാല്‍ സര്‍വീസ് തുടങ്ങാന്‍ ബെംഗളൂരു ഡിവിഷനു താല്‍പര്യമില്ല. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും ഒാടിത്തുടങ്ങാത്ത ഏക ട്രെയിനും ഇതു തന്നെ. ഈ ട്രെയിനിനായി കേരളത്തിലെത്തിച്ച ആധുനിക എല്‍എച്ച്‌ബി കോച്ചുകള്‍ ഇപ്പോള്‍ കാണാനില്ല. ചെന്നൈയിലേക്കു കൊണ്ടു പോയ കോച്ചുകള്‍ ആ വഴി പോയി. ബെംഗളൂരുവിലേക്കു ട്രെയിനോടിക്കണമെന്നു കഴിഞ്ഞ ഒാണത്തിനു ആവശ്യം ശക്തമായപ്പോള്‍ യശ്വന്ത്പൂര്‍ – എറണാകുളം റൂട്ടില്‍ സ്പെഷല്‍ ട്രെയിനോടിച്ചെങ്കിലും ട്രെയിന്‍ സംബന്ധിച്ച അറിയിപ്പു പുറത്തുവിടാതെയായിരുന്നു കളി. ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോഴാണു സ്പെഷല്‍ ഒാടിച്ച വിവരം യാത്രക്കാര്‍ അറിഞ്ഞത്. അവസാന നിമിഷം ട്രെയിനോടിച്ചാല്‍ യാത്രക്കാരില്ലാത്തതിനാല്‍ സര്‍വീസ് നഷ്ടമായിരുന്നുവെന്നു വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍ നാഗര്‍കോവില്‍ -കൃഷ്ണരാജപുരം സ്പെഷല്‍ ഒാടിച്ചാണു അധികൃതര്‍ കൈകഴുകുന്നത്. നാഗര്‍കോവിലിലേക്കു മധുര വഴി ട്രെയിനോടിക്കാന്‍ ഇപ്പോള്‍ പൊങ്കലല്ല, ഒാണമാണെന്നു പറഞ്ഞു മനസ്സിലാക്കാന്‍ കേരളത്തിലെ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നു യാത്രക്കാര്‍ പറയുന്നു. എന്നാല്‍ ട്രെയിനുകള്‍ക്കു വഴിനീളെ സ്റ്റോപ്പ് വേണമെന്നു പറയാന്‍ വായ തുറക്കുമെന്നല്ലാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലെന്നതാണു മലയാളികളുടെ ഗതികേട്. ദീപാവലി, പൂജ, പൊങ്കല്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് എല്ലാ പ്രധാന ആഘോഷങ്ങള്‍ക്കും മാസങ്ങള്‍ മുന്‍പു തന്നെ പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിക്കാറുണ്ട്. ഒാണം വരുമ്ബോള്‍ മാത്രം ട്രെയിനുകള്‍ കാണാറില്ല. ചോദിക്കുന്നവരോട് കോച്ചില്ല എന്ന പതിവു മറുപടിയാണ് അധികൃതര്‍ നിരത്തുക. അവസാനം മുറവിളി ഉയരുന്നതോടെ തിരുവോണത്തിന്റെ തലേന്നും തിരുവോണത്തിന്റെ അന്ന് ഉച്ചയ്ക്കു നാട്ടിലെത്തുന്ന തരത്തിലും ആര്‍ക്കും പ്രയോജനമില്ലാത്ത തരത്തില്‍ ട്രെയിനുകളോടും. വണ്ടി ഒാടിച്ചുവെന്നു വരുത്തി തീര്‍ക്കാനുള്ള ഈ സര്‍ക്കസ് കാരണം ഒാണത്തിനു വീട്ടിലെത്തണമെന്നു ആഗ്രഹിക്കുന്ന മലയാളികള്‍ക്കു ഉപകാരമൊന്നുമില്ലെന്നതാണു യാഥാര്‍ത്ഥ്യം. ഏറ്റവും മികച്ച മന്ത്രിയെന്നു പേരെടുത്ത സുരേഷ്പ്രഭു ഇത്തവണ ഈ ദുര്‍ഗതിയ്ക്കു മാറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും മലയാളിക്കു എന്നും കുമ്ബിളിലാണു കഞ്ഞിയെന്നു വീണ്ടും തെളിയിക്കുകയാണു റെയില്‍വേ.

NO COMMENTS

LEAVE A REPLY