കൊച്ചി: കറുകുറ്റി അപകടത്തെ തുടർന്ന് എറണാകുളത്തിനും ഷൊര്‍ണൂരിനും മധ്യ പതിനഞ്ച് ഇടങ്ങളിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദ്ദേശം. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗത്തില്‍ വണ്ടി കടത്തി വിട്ടാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. മേഖലയിൽ ഗുരുതരമായ വിള്ളൽ കണ്ടെത്തിയ സ്ഥലങ്ങളിൽ പുതിയ പാളങ്ങൾ സ്ഥാപിക്കാനും റെയിൽവെ അധികൃതർ നിർദ്ദേശം നൽകി. ഈ മേഖലയില്‍ പതിനഞ്ച് ഇടത്ത് കൂടിയാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ഉടന്‍ പരിഹരിക്കാനാണ് നിർദ്ദേശം.
അതിനിടെ തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഇരുന്നൂറിലധികം സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്നും ഇവിടങ്ങളിലും മുപ്പത് കിലോമീറ്റര്‍ വേഗമേ പാടുള്ളുവെന്നും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതിന്‍റെ കൂടെ വേഗനിയന്ത്രണം കൂടി നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര കൂടുതല്‍ ദുരിതത്തിലാകും.
അതേസമയം കറുകുറ്റി അപകടം അന്വേഷിക്കുന്ന ഉന്നതതല സംഘം തെളിവെടുപ്പ് തുടങ്ങി . തെളിവെടുപ്പിനായുള്ള റെയില്‍വേയുടെ ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. റെയില്‍വേ ചീഫ് സെക്യൂരിറ്റി ഓഫീസര്‍, ചീഫ് ട്രാക്ക് എക്‌സാമിനര്‍, ചീഫ് റോളിങ് സ്റ്റോക് എന്‍ജിനീയര്‍, ചീഫ് ഓഫ് ഇലക്ട്രിക്കല്‍സ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തെളിവെടുക്കുക.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം സൗത്തിലെ റെയില്‍വേ ഏരിയ മാനേജരുടെ ഓഫീസിലാണ് തെളിവെടുപ്പ്. പൊതുജനങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും നേരിട്ട് കമ്മിറ്റി മുന്‍പാകെ എത്തി തെളിവ് നല്‍കാം.
അപകടത്തിനു കാരണമായ റെയില്‍ പാളത്തിലെ വിള്ളല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥന്‍ മൂന്നു തവണ നല്‍കിയ മുന്നറിയിപ്പ് എന്‍ജിനീയറിങ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്നും ആരോപണമുണ്ട്.