ദില്ലി: തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്ലക്സി നിരക്കില്‍ റെയില്‍വെ ഇളവുകള്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം ചാര്‍ട്ട് ഇട്ടതിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന സിറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കും. ഫ്ലക്സി നിരക്കിന്റെ അടിസ്ഥാന തുകയുടെ 10 ശതമാനമാണ് ഇളവ്. ടിടിഇ നല്‍കുന്ന ടിക്കറ്റിനും ഈ ഇളവ് ബാധകമാകും. ഫ്ലക്സി സംവിധാനത്തിലെ തല്‍ക്കാല്‍ ക്വാട്ട വെട്ടികുറയ്ക്കാനും റെയില്‍വെ തീരുമാനിച്ചു. ക്വാട്ട 10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. വിവിധ ക്ലാസുകളില്‍ നല്‍കുന്ന ആര്‍എസി ബര്‍ത്തുകളുടെ എണ്ണം റെയില്‍വെ വര്‍ദ്ധിപ്പിച്ചു. ഇതനുസരിച്ച് സ്ലീപ്പര്‍ ക്ലാസ്സിലും തേര്‍ഡ് എസി ക്ലാസ്സിലും രണ്ട് ബര്‍ത്ത് വിതം അധികം ലഭിക്കും. സെക്കന്റ് എസി ക്ലാസ്സില്‍ ഒരു ബര്‍ത്തും അധികം ലഭിക്കും. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്ലക്സി നിരക്ക് സംവിധാനം രാജ്യത്തെ രാജധാനി, ശദാബ്ദി, തുരന്തോ ട്രെയിനുകളില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് നടപ്പിലാക്കിയത്. ഇതിന് ശേഷം നടന്ന ആദ്യ അവലോകനത്തിലാണ് നിരക്കില്‍ ഇളവ് നല്‍കാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചത്.