ട്രെയിനുകള്‍ വൈകി ഓടുന്നു : യാത്രക്കാര്‍ ദുരിതത്തില്‍

235

കോഴിക്കോട്: കറുകുറ്റി അപകടത്തിന് ശേഷം തീവണ്ടികളുടെ വേഗത നിയന്ത്രിച്ചതോടെ യാത്രക്കാര്‍ പെരുവഴിയിലായി. അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥലങ്ങളില്‍ വേഗത 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയതോടെയാണ് സംസ്ഥാനമെമ്ബാടുമായി ട്രെയിനുകള്‍ വൈകുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും ഒരു മണിക്കൂര്‍ മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. ജോലിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പലതും 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് വൈകിയത്. തലസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും മറ്റ് ജോലിക്കാരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വഞ്ചിനാട് എക്സ്പ്രസ്(16303) ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.

രാവിലെ 8.30ന് കൊല്ലത്ത് എത്തേണ്ട വണ്ടി എത്തിയത് 9.40 നാണ്.
മുംബൈ-കന്യാകുമാരി ജയന്തി ജനത എറണാകുളത്ത് കൃത്യസമയത്ത് എത്തിയെങ്കില്‍ കൊല്ലത്തെത്തിയപ്പോഴേക്കും വൈകിയത് ഒരുമണിക്കൂര്‍ 11 മിനിറ്റാണ്. 8.40ന് കൊല്ലത്ത് എത്തേണ്ട ട്രെയിന്‍ ഇവിടെ എത്തിയത് 9.50നാണ്. രാവിലെ 9.45 ന് തിരുവനന്തപുരത്ത് എത്തേണ്ട ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 10.45 ഓടെയാണ് തലസ്ഥാനത്തെത്തിയത്. ചെന്നൈ-തിരുവനന്തപുരം മെയില്‍ ഒരു മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.
ട്രെയിനുകള്‍ വൈകുന്നതിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്(16348) വൈകിയത് 13 മണിക്കൂര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ട്രെയിന്‍ മംഗലാപുരത്ത് നിന്ന് ബുധനാഴ്ച രാവിലെ 2.45 നാണ് പുറപ്പെട്ടത്. മാഹിയിലെത്തിയത് രാവിലെ 7.33 ന്. വൈകിയത് 14 മണിക്കൂര്‍. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട പല തീവണ്ടികളും ബുധനാഴ്ചയും വൈകിയാണ് ഓടുന്നത്.
രാവിലെ എട്ട് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരേണ്ട മാവേലി എക്സ്പ്രസ് രണ്ടരമണിക്കൂര്‍ വൈകിയാണ് എത്തിയത്. രാവിലെ 10.15ന് മംഗലാപുരത്ത് എത്തേണ്ട മലബാര്‍ എക്സ്പ്രസ് രണ്ടരമണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മലബാര്‍ എക്സ്പ്രസ് ശാസ്കാംകോട്ട മുതല്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് ഓടിയത്. തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്(16347) മൂന്നരമണിക്കൂര്‍ വൈകിയാണ് ഓടുന്നത്.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം ഒരു മണിക്കൂറും മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം 40 മിനിറ്റും വൈകി ഓടുന്നു. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് തൃശൂരെത്തിയത് ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകിയാണ്. 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഒരുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒരു മണിക്കൂറും, എറണാകുളം-ബിലാസ്പൂര്‍ ഒരുമണിക്കൂര്‍ 10 മിനിറ്റും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് ഒരുമണിക്കൂര്‍ വൈകുന്നു. തിരുവനന്തപുരം-നര്‍സപൂര്‍ ശബരി എക്സ്പ്രസ് 45 മിനിറ്റും വൈകുന്നു
കൊങ്കണ്‍ വഴിയുള്ള ഏതാനും തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകിയാണ് കേരളത്തിലേക്ക് കടന്നത്. നിസാമുദീന്‍-എറണാകുളം മംഗള എക്സ്പ്രസ് ഏഴ് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. 16345 നേത്രാവതി എക്സ്പ്രസ് മൂന്നരമണിക്കൂര്‍ വൈകിയാണ് ഓടുന്നത്. 22113 ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ് ഏകദേശം 10 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

NO COMMENTS

LEAVE A REPLY