മംഗളൂരു: കൊങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
മംഗളൂരൂ എക്സ്പ്രസ് കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്നു താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു വരവെയാണു വീണ്ടും അപകടം.അപകടത്തോടെ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും. കൊങ്കണ്‍ പാതയില്‍ അങ്കോളയ്ക്കടുത്താണു ചരക്കുവണ്ടി പാളം തെറ്റിയത്. ഉച്ചയ്ക്കു മൂന്നോടെയാണു മംഗളൂരു ഭാഗത്തേക്കു വരികയായിരുന്ന ചരക്കു വണ്ടിയുടെ രണ്ടു ബോഗികള്‍ പാളം തെറ്റിയത്.ഒറ്റവരിപ്പാതയായ കൊങ്കണില്‍ ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ഗതാഗതം പുനഃസ്ഥാപിക്കാന്‍ രാത്രി ഏറെ വൈകുമെന്നാണു വിവരം. അപകടത്തെ തുടര്‍ന്ന് മംഗളുരുവില്‍ നിന്നു ലോകമാന്യതിലകിലേക്കു പുറപ്പെട്ട മല്‍സ്യഗന്ധ എക്സ്പ്രസ് മാങ്കിയില്‍ പിടിച്ചിട്ടു. മംഗളൂരു-മഡ്ഗാവ് ഡെമു, മംഗളൂരു ജംക്ഷന്‍-മുംബൈ സിഎസ്ടി എക്സ്പ്രസ്, മഡ്ഗാവ്-മംഗളൂരു പാസഞ്ചര്‍, ഗാന്ധിധാം-തിരുനല്‍വേലി എക്സ്പ്രസ്, മഡ്ഗാവ്-മംഗളൂരു ഇന്റര്‍സിറ്റി, നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ്, ഇരു ദിശകളിലുമുള്ള മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകളെയും പാളം തെറ്റിയതു ബാധിച്ചു.