ചെന്നൈ: ട്രെയിനില്‍ നിന്നിറങ്ങുന്നതിനിടെ മാതാവിന്‍റെ കൈയില്‍ നിന്നു വഴുതി പാളത്തിലേക്കു വീണ ഒന്നര വയസുകാരി ദാരുണമായി മരിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവിന്‍റെ രണ്ടുകാലുകളും അറ്റുപോയി.മാമ്ബലം റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോടമ്പാക്കം മീനാക്ഷി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ സുന്ദരവേലന്റെയും ലക്ഷ്മിയുടെയും മകള്‍ ആകാശ്രീയാണു മരിച്ചത്. കെ.കെ. നഗര്‍ വെമ്ബുലി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന തിരുവയ്യാര്‍ സ്വദേശികളായ ഇവര്‍ നാട്ടില്‍ നിന്നും മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് മാമ്ബലത്തു മന്നൈ എക്സ്പ്രസില്‍ നിന്ന് ഇറങ്ങുമ്ബോഴായിരുന്നു അപകടം.സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്ബര്‍ മൂന്നില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നു കുഞ്ഞുമായി ലക്ഷ്മി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. തുടര്‍ന്ന് ധൃതിപ്പെട്ട് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണു സംഭവം. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മറ്റുള്ളവര്‍ ഇറങ്ങിത്തുടങ്ങിയശേഷമാണ് ലക്ഷ്മി ഇറങ്ങാന്‍ തുടങ്ങിയത്. ഇതിനിടെ ട്രെയിന്‍ നീങ്ങി തുടങ്ങി. ഇതോടെ ഇറങ്ങണോയെന്നു ഒരുനിമിഷം സംശയിച്ചുനിന്ന ലക്ഷ്മി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനു വേഗത കൂടുകയും കയ്യില്‍ നിന്നും കുഞ്ഞ് പാളത്തിലേക്ക് വീഴുകയുമായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ കുഞ്ഞ് മരിച്ചു. ലക്ഷ്മി സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.