കരുനാഗപ്പള്ളി: സ്റ്റേഷനില്‍നിന്നു നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നു ചാടി ഇറങ്ങിയ വീട്ടമ്മ പ്ലാറ്റ്ഫോമില്‍ തലയടിച്ചു വീണു, തൊട്ടുപിന്നാലെ ഇറങ്ങാന്‍ ശ്രമിച്ച മകള്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു മരിച്ചു. കരുനാഗപ്പള്ളി രവീഷ് ഭവനത്തില്‍ രവീന്ദ്രന്റെ മകള്‍ സൂര്യ(22) ആണ് മരിച്ചത്. മാതാവ് സതി(52) യെ ഗുരുതരപരുക്കുകളോടെ കരുനാഗപ്പള്ളിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. അങ്കമാലിയില്‍ പഠിക്കുന്ന ഇളയ മകളെ കോളജിലാക്കി ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്പ്രസില്‍ മടങ്ങുകയായിരുന്നു ഇരുവരും. ഉറങ്ങിപ്പോയതിനാല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല.ട്രെയിന്‍ സ്റ്റേഷനില്‍നിന്ന് നീങ്ങി തുടങ്ങിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം സതിയാണ് ചാടിയത്. പ്ലാറ്റ് ഫോമിലേക്ക് വീണ സതിയുടെ തല നിലത്തിടിച്ച് ബോധം മറഞ്ഞു. ഇതുകണ്ട് ബാഗുമായി ചാടിയിറങ്ങുന്നതിനിടെ സൂര്യ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. സഹയാത്രക്കാരും സ്റ്റേഷനിലുള്ളവരും ബഹളം വച്ചതോടെ ലോക്കോപൈലറ്റ് ട്രെയിന്‍ ബ്രേക്ക് ചെയ്തു. സൂര്യയുടെ മൃതദേഹം ചിതറിത്തെറിച്ച നിലയിലായിരുന്നു. പോലീസ് മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൂര്യയുടെ സഹോദരങ്ങള്‍: ആതിര, രവീഷ്.