വിരുതാചലം ട്രെയിന്‍ കൊള്ള: പിന്നിൽ വൻസംഘം

197

സേലം: സേലത്തു നിന്ന് ചെന്നൈയിലെത്തിയ സേലം എക്സ്പ്രസിൽ നടന്ന കൊള്ളയ്ക്ക് പിന്നിൽ വൻസംഘമെന്ന് പൊലീസ്. ബോഗിയിൽ നടത്തിയ പരിശോധനയിൽ നാല് പേരുടെ വിരലടയാളം കണ്ടെത്തി. പണപ്പെട്ടികൾ സേലം സ്റ്റേഷനിൽ വെച്ച് തീവണ്ടിയിൽ ചുമന്ന് കയറ്റിയ നാല് പോർട്ടർമാരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
മോഷണം നടന്നത് സേലത്തു നിന്ന് വിരുതാചലം വരെയുള്ള വൈദ്യുതീകരിയ്ക്കാത്ത പാതയിൽ വെച്ചുതന്നെയാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. സേലത്തു നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് യാർഡിൽ നിർത്തിയിട്ട സമയത്ത് മോഷ്ടാക്കൾ തീവണ്ടിക്ക് മുകളിൽ കയറിപ്പറ്റി കോച്ചിന് മുകളിൽ വെൽഡിംഗ് മെഷീൻ ഉപയോഗിച്ച് ദ്വാരമുണ്ടാക്കിയിരിക്കാം.
ഇതിനു ശേഷം ഒൻപത് മണിയ്ക്ക് യാത്ര തുടങ്ങുന്നതിന് തൊട്ടുമുൻപ് മോഷ്ടാക്കൾ കോച്ചിന് മുകളിൽ കയറിപ്പറ്റിയിരിക്കണം. സേലം മുതൽ വിരുതാചലം വരെ ആളൊഴിഞ്ഞ ഏതെങ്കിലും ഒരിടത്ത് കവർച്ചാ സംഘത്തിലെ മറ്റ് മോഷ്ടാക്കൾ കാത്തു നിൽപ്പുണ്ടാവാം.
അവർക്ക് ഈ പെട്ടികൾ തീവണ്ടിയ്ക്ക് മുകളിലുള്ള മോഷ്ടാക്കൾ എറിഞ്ഞുകൊടുത്തിരിക്കാം എന്നും പൊലീസ് കരുതുന്നു. കോച്ചിനുള്ളിൽ ചിതറിക്കിടക്കുന്ന നോട്ടുകളാണ് പൊലീസ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. നഷ്ടമായ രണ്ട് പെട്ടികളിലെയും പണം സേലത്തെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് ആർബിഐയിലേക്ക് തിരിച്ചയച്ച പഴയ നോട്ടുകളാണ്. ഉപയോഗശൂന്യമായ നോട്ടുകളുടെ നമ്പർ ബാങ്കുകൾ രേഖപ്പെടുത്താറില്ല.
നോട്ടുകൾ കൈമാറ്റം ചെയ്യാൻ ശ്രമിച്ചാൽ പിടിയ്ക്കാമെന്ന പൊലീസ് നീക്കത്തിന് ഇത് തിരിച്ചടിയായി. ബോഗിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നാല് പേരുടെ വിരലടയാളങ്ങൾ പൊലീസ് ഹിറ്റ്ലിസ്റ്റിലുള്ള മോഷ്ടാക്കളുടേതുമായി ഒത്തു നോക്കി വരികയാണ്.

NO COMMENTS

LEAVE A REPLY