ന്യൂഡല്‍ഹി: രാജ്യത്തു ട്രെയിന്‍ സര്‍വീസുകള്‍ ഇന്നു ഭാഗികമായി പുനരാരംഭിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക ട്രെയിനുകളില്‍ എസി ക്ലാസ് (ഫസ്റ്റ്, സെക്കന്‍ഡ്, തേഡ്) കംപാര്‍ട്ടുമെന്റുകള്‍ മാത്രമാണുണ്ടാകുക.
രാജധാനി ട്രെയിനിലെ ടിക്കറ്റ് നിരക്ക് (ഭക്ഷണത്തിനുള്ള നിരക്ക് ഒഴികെ) നല്‍കണം. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ടിക്കറ്റ് എടുക്കാനാകൂ. റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ ടിക്കറ്റ് ബുക്കിംഗില്ല. ഐആര്‍സിടിസി റെയില്‍വേ ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഏഴുദിവസം മുമ്പുവരെ മാത്രമേ ടിക്കറ്റ് എടുക്കാന്‍ അനുവദിക്കൂ.
കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാകൂ. കറന്റ് ബുക്കിംഗ്, തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിംഗ് എന്നിവ അനുവദിക്കില്ല. വെയിറ്റിംഗ് ലിസ്റ്റും ഇല്ല.
ടിക്കറ്റ് നിരക്കില്‍ ഭക്ഷണത്തിനുള്ള തുക ഈടാക്കില്ല. പണം നല്കി വാങ്ങാവുന്ന തരത്തില്‍ സ്നാക്സും കുപ്പിവെള്ളവും ഐആര്‍സിടിസി ഒരുക്കും.
യാത്രക്കാര്‍ സ്വന്തമായി ഭക്ഷണവും കുടിവെള്ളവും പുതപ്പും വിരിയും കൊണ്ടുവരുന്നതിനെയാണ് റെയില്‍വേ പ്രോത്സാഹിപ്പിക്കുന്നത്. കോച്ചുകളിൽ കർട്ടൻ ഉണ്ടാകില്ല. പുതപ്പും വിരിയും നല്‍കില്ല. യാത്രക്കാരെനിര്ബന്ധിത പരിശോധനയ്ക്കു വിധേയമാക്കും. രോഗലക്ഷണമില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറ്റൂ. ഒരു കംപാർട്ട്മെന്റിൽ 54 പേരെയെ അനുവദിക്കൂ.
ടിക്കറ്റ് ഉറപ്പാക്കിയവരെ മാത്രമേ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കൂ. പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകില്ല. പ്രവേശന സമയത്തും യാത്രയ്ക്കിടയിലും എല്ലാ യാത്രക്കാരും മാസ്കുകള്‍ ധരിക്കണം. പരിശോധനയ്ക്കായി ഒന്നര മണിക്കൂർ മുമ്പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തണം.
ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പു വരെ ഓണ്‍ലൈനായി ടിക്കറ്റ് റദ്ദാക്കാം. 50 ശതമാനം തുക തിരികെക്കിട്ടും. എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം
15 ജോഡി സ്പെഷൽ രാജധാനി ട്രെയിനുകളാണ് (ഇരുവശങ്ങളിലേക്കുമായി 30 ട്രെയിനുകള്‍) ഓടിക്കുന്നത്. കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക ശ്രമിക് ട്രെയിനുകള്‍ക്കു പുറമെയാണ് ഇവ. എന്നാല്‍ സാധാരണ മെയില്‍/ എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വീസ് ഇപ്പോഴില്ല.