4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

54

തിരുവനന്തപുരം : പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾക്കായി വനിത ശിശു വികസന വകുപ്പ് രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാനത്തെ 4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് വീടുകളിൽ കളർ പോസ്റ്ററുകൾ എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2 മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ തന്നെ കഴിയേണ്ട സാഹചര്യത്തിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സി-ഡിറ്റിന്റെ സഹകരണത്തോടെ വിക്ടേഴ്സ് ചാനൽ വഴി പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ ‘കിളിക്കൊഞ്ചൽ’ എന്ന പേരിൽ സംപ്രേഷണം ചെയ്തു വരുന്നുണ്ട്.

ഇത് 45 ഭാഗങ്ങളായി. ഇതിന്റെ തുടർച്ചയാണ് പരിശീലന പോസ്റ്ററുകൾക്ക് രൂപം നൽകിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട എന്നീ ജില്ലകളിലെ അങ്കണവാടികൾ മുഖേന പോസ്റ്ററുകൾ വിതരണം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ടെലിവിഷൻ, മൊബൈൽ ഫോൺ സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകൾക്ക് മുൻഗണന നൽകി പോസ്റ്ററുകൾ എത്തിക്കുന്നതാണ്. തുടർന്നുള്ള ജില്ലകളിലും പോസ്റ്ററുകൾ അച്ചടിച്ച് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തീം അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളാണ് പോസ്റ്ററുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രക്ഷിതാക്കൾ ഓരോ ദിവസവും നിർവഹിക്കേണ്ട പ്രവർത്തനങ്ങൾ, ദിവസവും ആളുകളും തിരിച്ച് ചിത്രങ്ങളുടെ സഹായത്തോടെ വിശദമായി പരിശീലന സഹായിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിശീലന പരിപാടികൾ നടപ്പാക്കുന്നതിലൂടെ കുട്ടികൾക്ക് രക്ഷിതാക്കളിലൂടെ തന്നെ പ്രകൃതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ വ്യക്തിത്വ വികസനം മെച്ചപ്പെടുന്നതിനും അതിലൂടെ ഒരു നല്ല ഭാവിതലമുറയെ വാർത്തെടുക്കുന്നതിനും സാധിക്കുന്നു.

NO COMMENTS