പ്രിയങ്ക ഗാന്ധി പോരാട്ടം തുടങ്ങി

122

ലഖ്‌നൗ: സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയ്ക്ക് യുപി സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പ്രിയങ്ക തിരികെ പോകണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാതെ മടങ്ങിപ്പോകില്ല എന്ന ഉറച്ച തീരുമാനത്തില്‍ തുടരുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അപ്പാടെ കൈവിട്ടെങ്കിലും ഉത്തര്‍ പ്രദേശിലെ പോരാട്ടം പ്രിയങ്ക ഗാന്ധി തുടങ്ങിയിട്ടേ ഉളളൂ എന്ന് വേണം കരുതാന്‍.

പ്രതിഷേധം 22 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രിയങ്ക മിര്‍സാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ധര്‍ണയിരുന്നു. വൈദ്യുതി വിച്ഛേദിച്ചും കുടിവെള്ളം മുടക്കിയും യോഗി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളൊക്കെ പാഴായിരിക്കുകയാണ്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് ഉത്തര്‍ പ്രദേശിലെ സോനഭദ്രയില്‍ ഗോണ്ട് എന്ന ആദിവാസി വിഭാഗത്തിലെ പത്ത് പേരെ ഗുജ്ജര്‍ വിഭാഗക്കാര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. സംഭവസ്ഥലമായ സോനഭദ്രയിലെ ഉംഭയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. എന്നാല്‍ 144 നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല എന്നാണ് യോഗി ആദിത്യനാഥിന്റെ പോലീസ് നിലപാട് എടുത്തത്. സന്ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് പ്രിയങ്കയും പ്രഖ്യാപിച്ചു.

NO COMMENTS