പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് പുതിയ ചുവടുവയ്പ്പിലേക്ക്. രൂപീകൃതമായി 73 വര്‍ഷത്തിനുശേഷം ആദ്യമായി അഞ്ച് മൂല്യവര്‍ധിത ഉല്‍പ്പന്നവുമായി പൊതുവിപണിയിലേക്കിറങ്ങുകയാണ് സ്ഥാപനം. സര്‍ക്കാരിന്റെ 1000 ദിന പദ്ധതികളിലുള്പ്പെടുത്തിയാണിത്.
റോഡ് മാര്‍ക്കിങ് പെയിന്റ്, അയണ്‍ ഓക്സൈഡ്, ജിപ്സം, കെട്ടിടനിര്‍മാണത്തിനാവശ്യമായ സിമന്റ്കട്ട, ഇന്റര്‍ലോക് ടൈല്‍ എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന സ്ഥാപനം ട്രാവന്‍കൂര്‍ ടൈറ്റാനിയം, അനാട്ടേസ് എന്നീ രണ്ട് ഉല്‍പ്പന്നമാണ് ഇതുവരെ നിര്‍മിച്ചിരുന്നത്. ഇവയുടെ ഉല്‍പ്പാദനശേഷി അഞ്ച് ടണ്ണില്‍നിന്ന് പ്രതിദിനം 40–45 ടണ്‍വരെ ഉയര്‍ത്താന്‍ പുതിയ മാനേജ്മെന്റിന് കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാസഹായവും നല്‍കുന്നതായി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് ചെയര്മാന് എ എ റഷീദ് പറഞ്ഞു.
റോഡിന് മാര്‍ക്കിടാന്‍ അജന്റോക്സ് പെയിന്റ് റോഡ് മാര്‍ക്കിങ് പെയിന്റ് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്ത ഉല്പന്നം അജന്റോക്സ് ആര്എംഡബ്ല്യു റോഡ് മാര്‍ക്കിങ് പെയിന്റ് എന്ന പേരിലാണ് വിപണിയിലെത്തുന്നത്. തിരുവനന്തപുരത്ത് പിഎജി മുതല്‍ പ്ലാമൂട് വരെയുള്ള റോഡില്‍ പെയിന്റ് പരീക്ഷിച്ചു. ഇത് വിജയിച്ചതോടെയാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനവും വിപണനവും നടത്താന്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 5000 ടണ്‍ ഉല്പാദനമാണ് ലക്ഷ്യമിടുന്നത്.
പെയിന്റ്, പ്ലാസ്റ്റിക്, പേപ്പര്‍, മഷി, തറയോട് തുടങ്ങിയവയ്ക്ക് നിറം നല്കാനുപയോഗിക്കുന്ന അയണ്‍ ഓക്സൈഡ് അജന്റോക്സ് റെഡ്, അജന്റോക്സ് ബ്ലാക്ക്, അജന്റോക്സ് മഞ്ഞ എന്നീ പേരുകളില്‍ വിപണിയിലെത്തിക്കും. സിമന്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുവായ ജിപ്സം അജന്റോക്സ് ജിപ്സം എന്ന പേരിലാണെത്തുക. കെട്ടിട നിര്‍മാണത്തിനുള്ള സിമന്റ് കട്ട, ഇന്റര്‍ലോക് ടെയില്‍ എന്നിവ അജന്റോക്സ് സിമന്റ് ബ്രിക്സ്, അജന്റോക്സ് ഇന്റര്‍ലോക് ടൈല്‍ എന്നീ പേരുകളിലുമെത്തും.