തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം മലിനീകരണ നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ജിപ്സം ബ്ലോക്കുകളുടെ ഉപയോഗവും സാധ്യതയും മുൻനിർത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ദി റെസിഡൻസി ടവറിൽ നടന്ന ശില്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തൻ ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തിന്റെ അഭിമാനമായ വ്യവസായശാലയാണ് ട്രാവൻകൂർ ടൈറ്റാനിയമെന്നും വിവിധങ്ങളായ ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ സ്ഥാപനം മുന്നിൽ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില കുറച്ചും ഗുണമേൻമയുള്ളതുമായ ഉല്പന്നങ്ങൾ നിർമ്മിക്കണം. ഇവയ്ക്ക് സ്ഥിരമായ വിപണി കണ്ടെത്താനാണ് ശ്രദ്ധ പുലർത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യ നിർമ്മാർജന പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയെടുത്ത ഉപോല്പന്നമാണ് റെഡ് ജിപ്സം ബ്ലോക്ക്. 46 ശതമാനം റെഡ് ജിപ്സത്തോടൊപ്പം 18 ശതമാനം സിമെന്റും 36 ശതമാനം മണലും കൃത്യമായ അളവിൽ മോൾഡുകളാക്കി ബലപ്പെടുത്തിയാണ് ജിപ്സം ബ്ലോക്കുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവ റെയിൽവേ പ്ലാറ്റ്ഫോം നിർമ്മാണം, സിമെന്റ് നിർമ്മാണം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ട്രാവൻകൂർ ടൈറ്റാനിയം. ജിപ്സം ബ്ലോക്കുപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ തീര സംരക്ഷണ ഭിത്തി നിർമ്മിച്ചത് വിജയകരമായിരുന്നു.
ജിപ്സം ബ്ലോക്കുകളുടെ കൂടുതൽ സാധ്യതകൾ വിശകലനം ചെയ്യുന്നതിനായി ഹാർബർ എൻജിനീയറിങ്, കോസ്റ്റൽ ഡെവലപ്മെന്റ് അതോറിറ്റി, ഫിഷറീസ് വകുപ്പ്, ഇറിഗേഷൻ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെയും മരിയൻ എൻജിനീയറിങ് കോളേജ്. കോസ്റ്റൽ അപ്പ് ലിഫ്റ്റ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.
വിദഗ്ധ സമിതിയിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുമെന്ന് ചെയർമാൻ എ.എ.റഷീദ് പറഞ്ഞു. റിയാബ് ചെയർമാൻ ശശിധരൻ നായർ, കേരള മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീകല എസ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ് എം.ഡി. ജോർജി നൈനാൻ, സമീപ ക്രൈസ്തവ ദേവാലയങ്ങളിലെ പുരോഹിതർ തുടങ്ങിയവർ സംബന്ധിച്ചു.