കൊറോണ ജാഗ്രതയില്‍ കൈത്താങ്ങായി പട്ടിക വര്‍ഗ വികസന വകുപ്പ്

71

കാസറകോട് : കൊറോണ ജാഗ്രതയില്‍ നാടാകെ വീട്ടിലിരിക്കുമ്പോള്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ യൊരുക്കുകയാണ് പട്ടികവര്‍ഗ വികസന വകുപ്പ്. നീലേശ്വരം പട്ടികവര്‍ഗ വിഭാഗത്തിലെ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാ യുള്ള ഭക്ഷ്യ -ധാന്യ കിറ്റുകളുടെ വിതരണം പൂരോഗമിക്കുകയാണ്. 500 രൂപ വില വരുന്ന കിറ്റാണിത്. കയ്യൂര്‍-ചീമേനി,പിലിക്കോട് എന്നീ പഞ്ചായത്തുകളിലെ ഭക്ഷ്യ കിറ്റ് വിതരണം പൂര്‍ത്തിയായി. വെസ്റ്റ് എളേരിപഞ്ചായത്തിലെ വിതരണം 80 ശതമാനത്തോളം പൂര്‍ത്തീകരിച്ചു.

മടിക്കൈ, പള്ളിക്കര, അജാനൂര്‍,പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും ഗുണഭോക്താക്കള്‍ക്കായുള്ള ഭക്ഷ്യ-ധാന്യ കിറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. വരും ദിനങ്ങളില്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലും ഈസ്റ്റ് എളേരി പഞ്ചായത്തിലും ഭക്ഷ്യ-ധാന്യകിറ്റിനായുള്ള സാധനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും.

ഇവയുടെ വിതരണവും ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാകും. മൂന്ന് കിലോ നുറുക്ക് ഗോതമ്പ്,അരക്കിലോ വീതം ചെറുപയര്‍,വന്‍പയര്‍ , കടല, ശര്‍ക്കര, വെളിച്ചെണ്ണ എന്നിവയടങ്ങുന്ന കിറ്റുകള്‍ തയ്യാറാക്കുന്നതിനായി അതാതു പ്രദേശങ്ങളിലെ സഹകരണ ബാങ്ക് സ്റ്റോറുകള്‍ വഴിയാണ് സാധനങ്ങള്‍ ലഭ്യമാക്കിയത്. ഇവ ലഭിക്കുന്ന മുറയ്ക്ക് കിറ്റുകള്‍ തയ്യാറാക്കി ഗുണഭോക്താക്കളില്‍ നേരിട്ട് എത്തിക്കുന്നു.

പഞ്ചായത്തുകളുടെ സേവനവും ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സേവനവും ഉള്‍പ്പെടുത്തിയാണ് ഭക്ഷ്യകിറ്റുകള്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുന്നത്. നീലേശ്വരം പട്ടിക വര്‍ഗ വിഭാഗത്തിന് കീഴില്‍ 520 കുടുംബങ്ങളിലായി 2300 പേരാണ് അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍. ഇതില്‍ 650 ഗുണഭോക്താക്കളാണ് വെസ്റ്റ് എളേരി പഞ്ചായത്തില്‍ മാത്രമുള്ളത്.

പട്ടിക വര്‍ഗ കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷയും വകുപ്പ് ഉറപ്പ് വരുത്തുന്നു. വകുപ്പിന്റെ കീഴിലുള്ള രണ്ട് മൊബൈല്‍ ക്ലിനിക്കുകള്‍ കൂടുതല്‍ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലെത്തി ചികിത്സ ഉറപ്പാക്കും. ഈ മൊബൈല്‍ ക്ലിനിക്കില്‍ അത്യാവശ്യ പരിശോധനാ നടത്തുന്നതിനായി ലാബ് സൗകര്യവും ലഭ്യമാണ്. ഒരു ഡോക്ടറും നഴ്സും ലാബ് ടെക്നീഷ്യനും മൊബൈല്‍ യുണിറ്റില്‍ ഉണ്ടാകും.

വിവിധ പഞ്ചായത്തുകളിലെ വിവിധ കോളനികളിലായി ക്ലിനിക്കിന്റെ പ്രവര്‍ത്തനം നടന്നുവരികയാണ്. ഇതിലൂടെ കൊറോണക്കാലത്തും പട്ടിക വര്‍ഗ കോളനിയിലെ ആളുകള്‍ക്ക് ആശുപത്രിയിലെത്തിക്കാതെ തന്നെ കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നുവെന്ന് നീലേശ്വരം ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ എ ബാബു പറഞ്ഞു

NO COMMENTS