തിരുവനന്തപുരം: ഗോത്രവർഗ രുചിക്കൂട്ടുകളുടെ നേർക്കാഴ്ച ഒരുക്കി വസന്തോത്സവ വേദിയിൽ ഗോത്രഭക്ഷ്യമേള. അകന്നുപോകുന്ന ഗോത്ര രുചികൾ, കാട്ടറിവുകൾ തുടങ്ങിയവയെല്ലാം ഇവിടെ പുനർജനിക്കുന്നു. കിർത്താഡ്‌സിന്റെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ഗോത്ര ഭക്ഷ്യമേള നടക്കുന്നത്. പതിനേഴോളം പച്ചില മരുന്നുകളുടെ രഹസ്യകൂട്ടിൽ തയാറാക്കുന്ന മരുന്നുകാപ്പിയാണ് ഗോത്ര ഭക്ഷ്യ മേളയിലെ താരം. വിതുര കല്ലാർ മുല്ലമൂട് നിവാസിയായ ചന്ദ്രിക വൈദ്യയും കുടുംബവും ചേർന്നാണ് രുചിക്കൂട്ടൊരുക്കുന്നത്.
ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഗോത്ര ഭക്ഷ്യമേളയിൽ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. റാഗി പഴംപൊരി, പറണ്ടക്കായ പായസം, കാച്ചിൽ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത്, മരച്ചീനി, കല്ലിൽ അരച്ചെടുത്ത കാന്താരിമുളക് ചമ്മന്തി തുടങ്ങിയവ ഗോത്ര ഭക്ഷ്യമേളയിലെ വിഭവങ്ങളാണ്.കാടിന്റെ മാന്ത്രിക രുചിക്കൂട്ടിൽ മാത്രമല്ല, അവ കാണികൾക്കു വിളമ്പുന്ന രീതിയിലും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ കൂവളയിലയിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.