തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനുബന്ധിച്ചുള്ള ഗോത്രാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ മൊട്ടമൂട് ആദിവാസി സെറ്റിൽമെന്റ് സന്ദർശിച്ചു. ഊരു വാസികൾ തങ്ങൾക്കറിയാവുന്ന ചികിത്സയും അറിവും മറ്റുള്ളവർക്ക് പങ്കുവെക്കുന്നത് അഭിനന്ദനാർഹമാണെന്ന് കളക്ടർ പറഞ്ഞു. ആദിവാസി ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് അന്തസ്സുള്ള ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
രാജ്യം പദ്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയെയും ഊരിലെ മറ്റ് പരമ്പരാഗത വൈദ്യന്മാരെയും ചടങ്ങിൽ ആദരിച്ചു. ഊരുവാസികളോടൊപ്പം സമയം പങ്കുവെച്ച കളക്ടർ അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വാരാചാരണം നടത്തുന്നത്. ഇതിന്റ ഭാഗമായി ജില്ലയിലെ ആദിവാസി മേഖലകളിൽ ഓഗസ്റ്റ് 15 വരെ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ‘ആദിവാസി ജനത ആരോഗ്യ ജനത’ എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. തദ്ദേശവാസികളുടെ ഉന്നമനത്തിനായി സാമൂഹിക പഠന കേന്ദ്രങ്ങൾ വഴി വിദ്യാഭ്യാസ അവബോധ ക്ലാസുകളും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണവും നൽകും. കായിക വിനോദങ്ങളുടെ പ്രധാന്യത്തെപ്പറ്റി തദ്ദേശീയരെ ബോധവാന്മാരാക്കുന്ന പ്രവർത്തനങ്ങളും നടത്തും.
മൊട്ടമൂടിലെ ആദിവാസികൾക്കായി ഐറ്റിഡിപിയുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രോഗ നിർണ്ണയം നടത്തി സൗജന്യമായി മരുന്നുകൾ നൽകി.ഭക്ഷ്യ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 80 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും ചടങ്ങിൽ വിതരണം ചെയ്തു.
വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.എസ് ബാബുരാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.ശ്രീലത,കല്ലാർ വാർഡ് മെമ്പർ ഐ.എസ്.സുനിത,ഐറ്റിഡിപി പ്രൊജക്ട് ഓഫീസർ എ.റഹീം, നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.നസീർ,എസ് റ്റി പ്രൊമോട്ടർ ഷീജ കുമാരി, ഊരുമൂപ്പൻ മല്ലൻ കാണി, മറ്റ് ഊരു വാസികൾ തുടങ്ങിയവർ പങ്കെടുത്തു.