തലശേരി: ചാവശേരി പുന്നാട് ടൗണ്‍ഷിപ് കോളനിയിലെ ആദിവാസിയുവതി പോഷകാഹാരക്കുറവും തുടര്‍ന്നുണ്ടായ കടുത്ത പനിയും വയറുവേദനയും മൂലം ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മഠപ്പറന്പില്‍ അശ്വതി(18)യാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചത്. രണ്ടുദിവസം മുന്പ് ഇരിട്ടിയിലെ സ്വകാര്യ ഡോക്ടറെ കണ്ടു മരുന്നു വാങ്ങിയിരുന്നെങ്കിലും വിദഗ്ധചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്പോള്‍ വഴിമധ്യേ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അന്ത്യം. ജനറല്‍ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വകുപ്പ് അധികൃതരെയോ തഹസില്‍ദാരെയോ വിവരമറിയിച്ചില്ലെന്നു പരാതിയുണ്ട്.ഇന്നലെ ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അശ്വതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല. ഇതേത്തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ തലശേരി ജനറല്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചതോടെ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തു. തലശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, സി.പി.എം. നേതാവ് എം.വി. ജയരാജന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണു പോസ്റ്റ്മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്താന്‍ തീരുമാനിച്ചത്. പട്ടികവര്‍ഗവകുപ്പില്‍നിന്നു യാതൊരു ആനുകൂല്യവും ലഭിക്കാറില്ലെന്ന് അശ്വതിയുടെ ബന്ധു അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. കോളനിയിലേക്കു വാഹനം വിളിച്ചാല്‍ വരാറില്ല. അഥവാ വന്നാലും വന്‍തുകയാണ് ആവശ്യപ്പെടുന്നതെന്നും ആക്ഷേപമുണ്ട്.